
വെള്ളപ്പൊക്ക വിവാദത്തെ തുടർന്ന് മമത ബാനർജിയുടെ ഉത്തരവിൽ അടച്ചിട്ട ബംഗാൾ-ജാർഖണ്ഡ് വാണിജ്യാതിർത്തി തുറന്നു. സംസ്ഥാനങ്ങളിലെ ചരക്ക് ഗതാഗതം മുടങ്ങുകയും, അടിയന്തര സേവനങ്ങളെ ഉൾപ്പെടെ ബാധിച്ചതോടെയുമാണ് അതിർത്തി തുറന്നത്. തെക്കൻ ബംഗാളിലെ വെള്ളപ്പൊക്കത്തിന് കാരണം ജാർഖണ്ഡാണെന്ന് ആരോപിച്ച് മൂന്ന് ദിവസത്തേക്ക് അതിർത്തി അടച്ചിടാൻ മമത ഉത്തരവിടുകയായിരുന്നു.
ബംഗാളിലെ തെക്കൻ ജില്ലകളിലെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കത്തിന് കാരണക്കാർ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ദാമോദർ വാലി കോർപറേഷനുമാണെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണത്തിന് പിന്നാലെയാണ് അന്തർ സംസ്ഥാന അതിർത്തി അടച്ചിട്ടത്. ബംഗാൾ-ജാർഖണ്ഡ് വാണിജ്യാതിർത്തി മൂന്ന് ദിവസത്തേക്ക് അടച്ചിടാനായിരുന്നു മമതയുടെ ഉത്തരവ്. ഇതോടെ ചരക്ക് ഗതാഗതം സ്തംഭിച്ചു.
ആയിരക്കണക്കിന് ട്രക്കുകൾ അതിർത്തിയിൽ നിർത്തിയിടേണ്ടി വന്നു. അടിയന്തര സേവനങ്ങളെപ്പോലും ഇത് ബാധിച്ചതോടെയാണ് ഉത്തരവ് പിൻവലിച്ച് അതിർത്തി തുറക്കാൻ തീരുമാനിച്ചത്. ഗതാഗതക്കുരുക്ക് തീരാൻ കൂടുതൽ സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 20 കിലോമീറ്ററോളം നീണ്ട ക്യൂവാണ് അതിർത്തി അടച്ചതോടെ രൂപപ്പെട്ടത്. എന്നാൽ, ജാർഖണ്ഡിലെ ജനങ്ങൾ മമതക്കെതിരെ പ്രക്ഷോഭം തുടങ്ങിയതോടെയാണ് മമത സർക്കാർ അതിർത്തി തുറക്കാനുള്ള തീരുമാനത്തിന് വഴങ്ങിയതെന്ന് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിമർശിച്ചു.