ജെഎംഎം - ബിജെപി പോരാട്ടം ഇത്തവണ കനക്കും; പോരാട്ടത്തിനൊരുങ്ങി ജാർഖണ്ഡ്

തോൽക്കാതിരിക്കാൻ ജെഎംഎമ്മും ജയിക്കാനായി ബിജെപിയും ഒരുങ്ങുകയാണ് ബിർസ മുണ്ടയുടെ നാട്ടിൽ
ജെഎംഎം - ബിജെപി പോരാട്ടം ഇത്തവണ കനക്കും; പോരാട്ടത്തിനൊരുങ്ങി ജാർഖണ്ഡ്
Published on

ഇത്തവണത്തെ ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും കണക്ക് തീർക്കലിന്റെ പോരാട്ടമാണ്. ബിജെപിക്ക് വേണ്ടി ഇഡി വേട്ടയാടി എന്ന് ഹേമന്ത് സോറൻ പറയുന്നു. ഒപ്പമുണ്ടായിരുന്ന ചമ്പയ് സോറൻ കൂടി ബിജെപിയിൽ ചേർന്നതോടെ ജെഎംഎമ്മിന് വിജയം അഭിമാന പ്രശ്നമാണ്. തോൽക്കാതിരിക്കാൻ ജെഎംഎമ്മും ജയിക്കാനായി ബിജെപിയും ഒരുങ്ങുകയാണ് ബിർസ മുണ്ടയുടെ നാട്ടിൽ.

ഷിബു സോറന്റെ പാർ‌ട്ടി എന്ന ഓർമ നിലനിർത്തി ജാർഖണ്ഡ് എന്ന ഗോത്രസംസ്ഥാനത്ത് ജീവിക്കേണ്ടത് ഹേമന്ത് സോറന്റെ ആവശ്യമാണ്. ജെഎംഎം സ്ഥാപകനേതാവിന്റെ രൂപത്തിലേക്ക് ജയിൽവാസത്തിന് ശേഷം ഹേമന്ത് എത്തിയിരിക്കുന്നു. ഇഡിയും സിബിഐയും കൂടി ബിജെപിക്ക് വേണ്ടി വേട്ടയാടി ജയിലിട്ടുവെന്നാണ് ഹേമന്തിന്റെ ആരോപണം. ഇത് പറഞ്ഞാണ് പ്രചാരണം. അതിനാൽ അധികാര തുട‍ർച്ച ജെഎംഎമ്മിന്റെ അഭിമാനപ്രശ്നമാണ്.

ഒരു കാലത്ത് വിശ്വസ്തനായിരുന്ന മുൻ മുഖ്യമന്ത്രി ചമ്പയ് സോറൻ ജെഎംഎമ്മുമായി ഇടഞ്ഞ് ബിജെപിക്കൊപ്പം പോയിട്ട് അധികമായിട്ടില്ല. ജാർഖണ്ഡ് സംഘടനാ ചുമതലയുള്ള ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാനും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും മാസങ്ങളായി ജാർഖണ്ഡ് കേന്ദ്രീകരിച്ച് ബിജെപിയുടെ പ്രചാരണം നയിക്കുകയാണ്. മോദിയും അമിത് ഷായും രാജ്നാഥ് സിങും യോഗങ്ങളിലെത്തുന്നു. ജാർഖണ്ഡ് തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അവർ.


കോൽഹൻ ടൈ​ഗർ എന്നറിയപ്പെട്ടിരുന്ന ചമ്പയ് സോറൻ വോട്ട് ബിജെപിക്ക് അനുകൂലമാക്കുമോ എന്ന ആശങ്കയുണ്ട്. എന്നാൽ ചമ്പയ് പല്ലുകൊഴിഞ്ഞ സിംഹമാണെന്നും വിമർശനമുണ്ട്. കിഴക്കൻ ഭാഗങ്ങളിൽ ബംഗ്ലാദേശ് മുസ്ലിങ്ങൾ നുഴഞ്ഞുകയറുന്നുവെന്നാണ് ബിജെപി ആരോപണം. ക്രിസ്ത്യൻ വിഭാ​ഗങ്ങൾക്കെതിരെയും സംഘപരിവാ‍ർ രം​ഗത്തുണ്ട്. പലാമു, ഛോട്ടാ നാഗ്പൂർ പ്രദേശങ്ങൾ ഹിന്ദി സ്വാധീന, ഒബിസി മേഖലകളാണ്. സന്താൾ പർഗാനാസും കോൽഹാനും അടക്കമുള്ള ഡിവിഷനുകളെല്ലാം ​ഗോത്രസ്വാധീന പ്രദേശങ്ങളും. ജെഎംഎമ്മിന് അടിത്തറയുള്ള പ്രദേശമാണിത്.

2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനും സഖ്യത്തിലേർപ്പെട്ട് 42 സീറ്റാണ് പിടിച്ചത്. ബിജെപി 37 സീറ്റുകൾ നേടിയപ്പോൾ 19 സീറ്റുകൾ നേടി ജെഎംഎം ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായി. കോൺഗ്രസ് ആറ് സീറ്റും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഎംഎം, കോൺഗ്രസ്, ആർജെഡി സഖ്യം 47 സീറ്റുകൾ നേടിയിരുന്നു. 30 സീറ്റുകൾ നേടി ജെഎംഎം ഏറ്റവും വലിയ കക്ഷിയായപ്പോൾ ബിജെപി 25 സീറ്റ് പിടിച്ചു. 16 സീറ്റുകളുമായി കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവും കാഴ്ചവെച്ചു.


ജനസംഖ്യയുടെ 26 ശതമാനവും ഗോത്ര വിഭാ​ഗമാണിവിടെ. ഇതിൽ 75 ശതമാനം നാല് പ്രധാന ഗോത്രങ്ങളാണ്. 12 ശതമാനം പട്ടിക ജാതിക്കാരുണ്ട്. അഞ്ച് ഡിവിഷനുകളായി 81 അസംബ്ലി സീറ്റുകളിൽ 28 എണ്ണം എസ് ടി മണ്ഡലമാണ്. ജെഎംഎം- കോൺഗ്രസ് - ആർജെഡി സഖ്യത്തിന് ഗോത്രവർഗ്ഗക്കാർക്കിടയിൽ സ്വാധീനം കുറയുകയും ബിജെപിക്ക് കൂടുകയും ചെയ്യുന്നുണ്ട്. ഒപ്പം ഹരിയാനയിലെ വിജയം ബിജെപിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അതുകൊണ്ട് ജാർഖണ്ഡിൽ ജെഎംഎമ്മിനൊപ്പം മികച്ച പ്രകടനം കാഴ്ച്ച വെക്കേണ്ടത് കോൺ​ഗ്രസിന്റെ ആവശ്യമാണ്. കണക്കുതീർക്കാൻ ഇരുപക്ഷവുമൊരുങ്ങിക്കഴിഞ്ഞു. ഇനി പ്രചാരണ നാളുകളാണ്..

Related Stories

No stories found.
News Malayalam 24x7
newsmalayalam.com