
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറില്ലെന്ന് വ്യക്തമാക്കി ജോ ബൈഡൻ. നാറ്റോ സമ്മേളനത്തിനിടയിലാണ് ബൈഡൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ഡൊണാൾഡ് ട്രംപിനെ നേരിടാൻ ഏറ്റവും യോഗ്യത തനിക്കാണെന്നും, ട്രംപിനെ വീണ്ടും പരാജയപ്പെടുത്തുമെന്നും അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ തത്ക്കാലം ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബൈഡന് നേരത്തെ വലിയ പിന്തുണ നൽകിയ ഇന്ത്യൻ അമേരിക്കൻ വംശജർ അദ്ദേഹത്തെ കൈവിട്ടെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. എന്നാൽ വോട്ടർമാർ കൂടെയുണ്ടെന്നും ജോ ബൈഡൻ അവകാശപ്പെട്ടു. തന്റെ ഭരണത്തിനുകീഴിൽ സാമ്പത്തിക മേഖല വൻ പുരോഗതിയിലെത്തി. തുടങ്ങിവച്ച ഒരുപാട് കാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്. അതിനു വേണ്ടി മത്സരിക്കാൻ തന്നെയാണ് തീരുമാനമെന്നും ജോ ബൈഡൻ പ്രതികരിച്ചു.
റഷ്യൻ നേതാവ് വ്‌ളാഡിമിർ പുടിനെയും, ചൈനയുടെ ഷി ജിൻപിങ്ങിനെയും നേരിടാൻ രണ്ടാം ഭരണകാലത്തും തനിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും ബൈഡൻ പറഞ്ഞു. അവരെ ഇപ്പോഴും, അടുത്ത മൂന്ന് വർഷത്തേക്കും നേരിടാൻ ഞാൻ തയ്യാറാണ്. എനിക്കതിനു കഴിഞ്ഞില്ലെകിൽ മറ്റൊരു ലോകനേതാവിനും അതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കമല ഹാരിസ് മികച്ച പ്രസിഡന്റ് ആകാൻ കഴിവുള്ള നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.