
ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിമരിച്ച ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മൃതദേഹം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്തെ വീട്ടിലേക്ക് കൊണ്ടുപോയാണ് സംസ്‌കരിച്ചത്. മേയർ ആര്യ രാജേന്ദ്രൻ, പാറശ്ശാല എംഎൽഎ സി.കെ. ഹരീന്ദ്രൻ എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
അതേസമയം, ജോയിയുടെ കുടുംബത്തിന് സഹായം നൽകുമെന്ന് സർക്കാർ പ്രതിനിധികൾ കുടുംബത്തിന് ഉറപ്പ് നൽകി. കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം , ആശ്രിതനെന്ന നിലയിൽ ജ്യേഷ്ഠപുത്രൻ ഷിജിന് താത്‌കാലിക ജോലി നൽകും, അമ്മയ്ക്ക് വീടും വഴിയും നൽകും, റെയിൽവേയിൽ നിന്ന് നഷ്ടപരിഹാരം ഉറപ്പാക്കും എന്നീ ഉറപ്പുകൾ സർക്കാർ നൽകിയെന്ന് കുടുംബം പറഞ്ഞു.
മെഡിക്കൽ കോളേജിൽ എംഎൽഎയുടെയും മേയറുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.