
റിയാലിറ്റി ഷോകളിലൂടെ തിളങ്ങിയ കുഞ്ഞു ഗായകരായ അനിർവിന്യയുടെയും ആവിർഭവിൻ്റെയും പഴയകാല വൈറൽ വീഡിയോ പങ്കുവെച്ച് രാജ്യസഭയിലെ ഇടത് എംപിയായ ജോൺ ബ്രിട്ടാസ്. സംഗീതത്തിന് അപ്പുറമുള്ള ഭാവതലങ്ങളെ ഇഷ്ടപ്പെടാതിരിക്കാൻ ആർക്ക് പറ്റുമെന്നും, സൂപ്പർ സ്റ്റാറുകൾക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നും ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.
"ആരോ പണ്ട് അയച്ചു തന്നതാണ്... വീണ്ടും ചുറ്റിക്കറങ്ങി വന്നു... കുട്ടികൾ ആരാണെന്ന് ആദ്യം അറിയില്ലായിരുന്നു... പിന്നീട് സ്റ്റേജിൽ തിളങ്ങി...സൂപ്പർ സ്റ്റാറുകൾക്ക് അഭിനന്ദനങ്ങൾ... മുഴുവൻ കാണാതിരിക്കാൻ ആർക്കും കഴിയില്ല... സംഗീതത്തിന് അപ്പുറമുള്ള ഭാവതലങ്ങളെ ഇഷ്ടപ്പെടാതിരിക്കാൻ ആർക്ക് പറ്റും... രണ്ടു കുഞ്ഞുങ്ങൾക്കും സ്നേഹാശംസകൾ... ഷൂട്ട് ചെയ്തവർക്കും," ജോൺ ബ്രിട്ടാസ് എംപി ഫേസ്ബുക്കിൽ കുറിച്ചു.
ചെറുപ്രായത്തിൽ തന്നെ ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ പരിചിതരാണ് ബാബുക്കുട്ടനും കൊച്ചേച്ചിയും. ഇടുക്കി നെടുങ്കണ്ടം സ്വദേശികളാണ് ഇരുവരും. ഇരുവരും കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെയെന്നാണ് മലയാളികളുടെയെല്ലാം പ്രാർഥന. നിലവിൽ സോണി ടിവിയിലെ കുട്ടികളുടെ റിയാലിറ്റി ഷോയായ സൂപ്പർ സ്റ്റാർ സിംഗറിലെ മത്സരാർഥിയാണ് ആവിർഭവ്. ഇപ്പോൾ ഏഴ് വയസാണ് പ്രായം. കേരളത്തിൽ നിന്നുള്ള കുരുന്ന് ഗായകൻ്റെ പ്രതിഭ കണ്ട് വിധികർത്താക്കൾ പോലും ഞെട്ടിയിരുന്നു. നേഹ കക്കറിനെ പോലുള്ള ജഡ്ജുമാർ കണ്ണീരോടെയാണ് ഈ അത്ഭുത ഗായകൻ്റെ ഗാനങ്ങൾ കേട്ടിരുന്നത്.
ആവിർഭവിൻ്റെ കൊച്ചേച്ചിയായ അനിർവിന്യ സോണി ടിവിയിടെ സ്റ്റാർ സിംഗറിൻ്റെ മൂന്നാം സീസണിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. ആവിർഭവിനെ ചെറുപ്പത്തിലേ സംഗീതം അഭ്യസിപ്പിച്ചത് ചേച്ചിയാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് ഉൾപ്പെടെ മറ്റു നിരവധി ഭാഷകളിലേയും ഗാനങ്ങൾ മനോഹരമായി ആലപിക്കാൻ ഇരുവർക്കുമറിയാം.
മലയാളം ടെലിവിഷനിൽ എം.ജി ശ്രീകുമാറും എം. ജയചന്ദ്രനും ചിത്രയുമെല്ലാം ഭാഗമായിരുന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്കിടയിൽ ഏറെ പ്രശസ്തനാണ് ബാബുക്കുട്ടനെന്ന ആവിർഭവ്. പാട്ടിന് പുറമെ രസകരമായി നർമഭാഷണങ്ങൾ നടത്താനും വിധികർത്താക്കളെയും പ്രേക്ഷകരെയും പൊട്ടിച്ചിരിപ്പിക്കാനും ബാബുക്കുട്ടന് കഴിഞ്ഞു.