
ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവയായി വാഴിക്കാൻ എപ്പിസ്കോപ്പൽ സുന്നഹദോസിന്‍റെ അംഗീകാരം. സഭാ സമിതികളുടെയും മെത്രാപ്പോലീത്തമാരുടെയും അപേക്ഷ പാത്രിയർക്കീസ് ബാവ അംഗീകരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയായാല്‍ ഔദ്യോഗിക സ്ഥാനാരോഹണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടും.
യാക്കോബായ സഭയുടെ പുതിയ അധ്യക്ഷ പദവിയിലേക്ക് ഉയർത്തിയ ജോസഫ് മോര്‍ ഗ്രിഗോറിയോസ് ചെറിയ പ്രായത്തിൽ തന്നെ ദൈവിക വഴി തെരഞ്ഞെടുത്ത് യാത്ര ആരംഭിച്ചിരുന്നു. പെരുമ്പള്ളി മാര്‍ ജൂലിയസ് സെമിനാരിയിലാണ് വൈദിക പഠനത്തിന് ആരംഭം കുറിക്കുന്നത്. സഭയിൽ ജനകീയ പദ്ധതികൾ നടപ്പിലാക്കിയും ദുർബലരെ ചേർത്ത് നിർത്തിയും വിശ്വാസികളുടെ പ്രിയപ്പെട്ടവനായി മാറിയ ജോസഫ് മാർ ഗ്രിഗോറിയോസിന് സഭ തർക്കം രൂക്ഷമായ കാലത്ത് സഭയെ നയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്.
പരുമല കൊച്ചു തിരുമേനിയുടെ നാലാം തലമുറക്കാരനായ ജോസഫ് 1960 നവംബർ 10 ന് മുളന്തുരുത്തി പെരുമ്പള്ളി വർഗീസിൻ്റേയും സാറാമ്മയുടേയും നാലാമത്തെ പുത്രനായാണ് ജനിച്ചത്. മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ വെച്ച് മാമോദീസ സ്വീകരിച്ച ജോസഫ് പെരുമ്പിള്ളി പ്രൈമറി സ്ക്കൂളിലും മുളന്തുരുത്തി ഹൈസ്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1974 മാർച്ച് 25 ന് മഞ്ഞിനിക്കര ദയറായിൽ വച്ച് പതിമൂന്നാമത്തെ വയസിൽ കോറൂയോ പട്ടം നേടി ദൈവ വഴിയിലേക്ക് നടന്നടുത്തു. പെരുമ്പിള്ളി മാർ യൂലിയോസ് സെമിനാരിയിൽ വൈദിക പഠനവും എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും നേടിയ അദ്ദേഹം അയർലൻ്റിലെ സെന്റ്. പാട്രിക് കോളേജിൽ നിന്ന് വേദശാസ്ത്രത്തിലും ബിരുദം കരസ്ഥമാക്കി. ഡബ്ലിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഫിലും അമേരിക്കയിൽ നിന്ന് ക്ലിനിക്കൽ പാസ്റ്ററൽ ആന്‍ഡ് കൗൺസിലിങ്ങിൽ ഡിപ്ലോമയും നേടി. 1984 മുതൽ നാല് വർഷം ബാംഗ്ലൂർ സെൻ്റ. മേരീസ് പള്ളി വികാരിയായും, ഉപരി പഠനാർത്ഥം അമേരിക്കയിലും ശുശ്രൂഷ അർപ്പിച്ചു. 1994 ജനുവരി 14ന് പരിശുദ്ധ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവ ദമാസ്ക്കസിൽ വച്ച് റമ്പാൻ ആയി ഉയർത്തി. 1994 ജനുവരി 16 ന് മാർ ഗ്രിഗോറിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. 1994 മുതൽ കഴിഞ്ഞ 30 വർഷമായി കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയാണ്.
ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ അനാരോഗ്യത്തെ തുടർന്ന് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കതോലിക്കോസ് അസിസ്റ്റൻ്റ് ആയി നിയമിച്ചു. ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്ക ബാവ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തോമസ് പ്രഥമന്‍ കതോലിക്കാ ബാവ വില്‍പത്രത്തില്‍ തന്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചിരുന്നു. ജോസഫ് മാർ ഗ്രിഗോറിയോസിൻ്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ പിന്നീടാകും നടക്കുക.