
മണിപ്പൂരിൽ പ്രാദേശിക വിഷയങ്ങളിൽ വാർത്ത നൽകിയതിൻ്റെ വൈരാഗ്യത്തിൽ മാധ്യമ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി സായുധസംഘം. ഇംഫാലിലെ ഉറിപോക് യാംബെം ലെയ്കായിയിലുള്ള വസതിയിൽ നിന്നാണ് ദി സ്റ്റേറ്റ്സ്മാൻ്റെ പ്രത്യേക ലേഖകനായ യാംബെം ലാബയെ അജ്ഞാതരായ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അക്രമിസംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി തോക്കു ചൂണ്ടിയ ശേഷം മാധ്യമ പ്രവർത്തകനെ തട്ടിക്കൊണ്ടു പോയതെന്ന് ഭാര്യ വെളിപ്പെടുത്തി. മണിപ്പൂരിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ടിവി ഷോയിൽ സംസാരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം. സംഭവം വാർത്തയായതിന് പിന്നാലെ മണിക്കൂറുകൾക്ക് ശേഷം അക്രമികൾ വിട്ടയച്ചു.
മണിപ്പൂരിലെ സായുധ ഗ്രൂപ്പുകളെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചൊരു പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് തീവ്രവാദികൾ അദ്ദേഹത്തിന്റെ വസതിക്ക് നേരെ നിരവധി റൗണ്ട് വെടിയുതിർത്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.
തിങ്കളാഴ്ച മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചതിനെ തുടർന്നുള്ള നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചും, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരാർഥികളെ കുറിച്ചും, മണിപ്പൂരിലെ നിലവിലെ സംഘർഷത്തെക്കുറിച്ചും ഒരു വാർത്താ ചാനലിൻ്റെ ടോക്ക് ഷോയിൽ പങ്കെടുത്തതിന് ശേഷം രാത്രി 9 മണിയോടെയാണ് യാംബെം ലാബ വീട്ടിൽ തിരിച്ചെത്തിയത്.
ഇതിന് മുമ്പ്, കഴിഞ്ഞ നാല് മാസത്തിനിടെ രണ്ടുതവണ യാംബെം ലാബയുടെ വസതി ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരുതവണ സായുധ സംഘങ്ങൾ അദ്ദേഹത്തിന്റെ വീടിന് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു. നേരത്തെ ചാനലിലൂടെ ഒരു വിഭാഗത്തെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ക്രിമിനൽ കുറ്റം ചുമത്തി 2023 ഒക്ടോബറിൽ പൊലീസ് ലാബയെ അറസ്റ്റ് ചെയ്തിരുന്നു.
മുതിർന്ന പത്രപ്രവർത്തകനും മണിപ്പൂർ മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവുമായ ലാബ, മേഖലയെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ശബ്ദമുയർത്താറുണ്ട്. ഫോൺ ചോർത്തൽ വിഷയവുമായി ബന്ധപ്പെട്ട് ലാബ ഫയൽ ചെയ്ത കേസ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അടുത്തിടെ ഏറ്റെടുത്തിരുന്നു.