മാധ്യമപ്രവർത്തകർ വഴി തടസപ്പെടുത്തി; പരാതി നൽകി സുരേഷ് ഗോപി

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് സുരേഷ് ​ഗോപി പരാതി നൽകിയത്
മാധ്യമപ്രവർത്തകർ വഴി തടസപ്പെടുത്തി; പരാതി നൽകി സുരേഷ് ഗോപി
Published on

മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി സുരേഷ് ഗോപി. രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ തന്റെ വഴി തടസപ്പെടുത്തി എന്നാണ് പരാതി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് സുരേഷ് ​ഗോപി പരാതി നൽകിയത്. കേസെടുത്ത് പൊലീസ് നടപടി ആരംഭിച്ചു. കേന്ദ്രമന്ത്രിയുടെ വഴി തടസപ്പെടുത്തിയെന്നും സുരക്ഷ ഒരുക്കിയ ഗൺമാനെ തടഞ്ഞുവെന്നും സുരേഷ് ഗോപി നൽകിയ പരാതിയിൽ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ചുവെന്നും പരാതിയിലുണ്ട്. ഇന്നലെ രാത്രിയാണ് ഇ മെയിൽ വഴിയും ലെറ്റർ ഹെഡ് മുഖാന്തരവും പരാതി നൽകിയത്. 

അതേസമയം, മാധ്യമപ്രവർത്തകർക്കെതിരായ കയ്യേറ്റ ശ്രമത്തിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ് എടുത്തു. കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ പരാതിയിലാണ് നടപടി. അനിലിനോട് നാളെ മൊഴിയെടുക്കാൻ എത്താൻ നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ എസിപിക്കാണ് കേസിൽ അന്വേഷണ ചുമതല.

കഴിഞ്ഞ ദിവസം, രാമനിലയം ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായത്. ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സൗകര്യമില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുടെ കൈയ്യിലിരുന്ന മൈക്കുകള്‍ തട്ടിമാറ്റി സുരേഷ് ഗോപി കാറില്‍ കയറി പോകുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായ ഭാഷയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com