ലോക ജനസംഖ്യാ ദിനം: ജനങ്ങള്‍ രാജ്യത്തിന്റെ സമ്പത്തും പ്രതിസന്ധിയുമാകുമ്പോള്‍

ക്രമാതീതമായ ഉയരുന്ന ജനസംഖ്യ മനുഷ്യവര്‍ഗത്തിനാകെ ഭീഷണിയാണെന്ന കാര്യം പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.
ലോക ജനസംഖ്യാ ദിനം: ജനങ്ങള്‍ രാജ്യത്തിന്റെ സമ്പത്തും പ്രതിസന്ധിയുമാകുമ്പോള്‍
Published on

ലോക ജനസംഖ്യ 800 കോടി കവിഞ്ഞൊരു കാലത്തെ ലോക ജനസംഖ്യാ ദിനാചരണം ഒരു ഓര്‍മപ്പെടുത്തലാണ്. വർധിച്ചുവരുന്ന ജനസംഖ്യയെക്കുറിച്ചു മാത്രമല്ല, ജനങ്ങൾ സമൂഹത്തിലും പരിസ്ഥിതിയിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കൂടി അത് ചർച്ച ചെയ്യുന്നു. ജനസംഖ്യ നിയന്ത്രിക്കാന്‍ അത് ജനങ്ങളോട് ബുദ്ധി ഉപദേശിക്കുന്നു. കുടുംബാസൂത്രണം, ലിംഗ സമത്വം, ദാരിദ്ര്യം, മനുഷ്യാവകാശം തുടങ്ങിയ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യവും ദിനാചരണത്തിനുണ്ട്.

ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍പ്രകാരം, അനിയന്ത്രിതമായി വര്‍ധിക്കുന്ന ജനസംഖ്യ തൊഴില്‍, സാമ്പത്തിക വികസനം, ദാരിദ്ര്യം, വരുമാന വിതരണം, സാമുഹ്യസംരക്ഷണം ഉള്‍പ്പെടെ കാര്യങ്ങളെ സാരമായി ബാധിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, പാർപ്പിടം, വെള്ളം, ഭക്ഷണം, ഊർജം എന്നിവയുടെ കാര്യത്തിലും സമാനമാകും സ്ഥിതി. ഭാവി തലമുറകള്‍ക്ക് കൂടുതല്‍ സുസ്ഥിരവും സൗഹൃദപരവുമായ ലോകക്രമത്തിന് അത് സൃഷ്ടിക്കുന്ന തടസങ്ങള്‍ വലുതായിരിക്കും. ജൂലൈ 11, ലോക ജനസംഖ്യ ദിനാചരണം ഇത്തരം പ്രശ്നങ്ങളിലേക്ക് കൂടിയാണ് മനുഷ്യരുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.

ജനങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത്. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാമുഹ്യ ഘടനയെ രൂപപ്പെടുത്തുന്നതും അവിടത്തെ ജനങ്ങളാണ്. എന്നാല്‍, അനിയന്ത്രിതമായി ജനസംഖ്യ വര്‍ധിക്കുന്നത് രാജ്യത്തിന് പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അത് സമ്പദ് വ്യവസ്ഥയെ ദോഷകമായി ബാധിക്കും. വിഭവങ്ങളുടെ പങ്കുവെക്കലും വിതരണവുമൊക്കെ കൃത്യമായി ചെയ്യാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയാതെവരും. ദാരിദ്ര്യം, പട്ടിണി പോലുള്ള സാമുഹികാഘാതങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്കിടെ അസമത്വം വളരാനും അത് കാരണമാകും. ക്രമാതീതമായ ഉയരുന്ന ജനസംഖ്യ മനുഷ്യവര്‍ഗത്തിനാകെ ഭീഷണിയാണെന്ന കാര്യം പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.

1987ല്‍ ജൂലൈ 11ന് ലോക ജനസംഖ്യ 500 കോടി കടന്നപ്പോഴായിരുന്നു ദിനാചരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നത്. 1989ല്‍ ഐക്യരാഷ്ട്ര സഭ ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിച്ചുതുടങ്ങി. ഡോ. കെ.സി സക്കറിയ ആയിരുന്നു അത്തരമൊരു ആശയം നിര്‍ദേശിച്ചത്. മാതൃ ആരോഗ്യം, ദാരിദ്ര്യം, സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങി ജനസംഖ്യയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനാണ് ദിനാചരണം തുടങ്ങിയത്.

ഈ വര്‍ഷം, ദിനാചരത്തിന്റെ ഭാഗമായി പ്രത്യേകിച്ചൊരു ആശയമോ, തീമോ യുഎന്‍ മുന്നോട്ടുവെച്ചിട്ടില്ല. സുസ്ഥിരവും സമാധാനപരവുമായ ഭാവിക്കായി, 2030ൽ സുസ്ഥിര വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഓർമപ്പെടുത്തലാണ് ഈ വര്‍ഷത്തെ ദിനാചരണം. '800 കോടി ആളുകള്‍ക്കും പ്രതീക്ഷകളും സാധ്യതകളും നിറഞ്ഞൊരു ഭാവി ലോകത്തെക്കുറിച്ച് സങ്കല്‍പ്പിക്കാനാണ്' യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്‌പിഎ) ഇക്കുറി ആവശ്യപ്പെട്ടിരിക്കുന്നത്. ലോകമെങ്ങുമുള്ള സ്ത്രീകളെയും പെൺകുട്ടികളെയും പിന്തുണയ്ക്കുന്നതിനുള്ള സ്ഥിതിവിവരക്കണക്കുകളും അനുഭവവും പങ്കുവെക്കുന്നതിനൊപ്പം, 800 കോടി ആളുകളുടെ ലക്ഷ്യ സാക്ഷാത്കാരത്തിന് സഹായിക്കുന്ന ലിംഗ സമത്വത്തിലേക്കും യുഎന്‍എഫ്‌പിഎ ശ്രദ്ധ ക്ഷണിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com