
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 'സംവിധാന്‍ ഹത്യ ദിവസ്' ആയി ആചരിക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടേയും പ്രധാനമന്ത്രി മോദിയുടേയും പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ജൂൺ 25 സംവിധാൻ ഹത്യ ദിനമാണെങ്കിൽ ഇന്ത്യൻ ജനത മോദിയെ തകർത്ത ജൂൺ 4 'മോദി മുക്ത് ദിന'മായി ആചരിക്കണമെന്നായിരുന്നു ജയറാം രമേശിൻ്റെ പരിഹാസം. വാർത്താ തലക്കെട്ടുകളിൽ കയറിപ്പറ്റാനുള്ള മോദിയുടെ തന്ത്രമാണ് ഇത്തരത്തിലുള്ള പ്രസ്താവനകളെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. എക്സ് പോസ്റ്റ് വഴിയായിരുന്നു ജയറാം രമേശിൻ്റെ പരാമർശം.
ജയറാം രമേശ് തൻ്റെ പോസ്റ്റിൽ ഇങ്ങനെ കുറിച്ചു,
"ഇന്ത്യയുടെ 'നോൺ ബയോളജിക്കൽ' പ്രധാനമന്ത്രി ഒരിക്കൽ കൂടി തലക്കെട്ടുകളുണ്ടാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ 2024 ജൂൺ നാലിന് ഇന്ത്യൻ ജനതയുടെ കയ്യിൽ നിന്നും വ്യക്തിപരമായും രാഷ്ട്രീയമായും ധാർമികമായും നിർണായകമായ പരാജയം ഏറ്റുവാങ്ങുന്നതിന് മുമ്പ് പത്ത് വർഷത്തേക്ക് അദ്ദേഹം അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്നു - അതിനാൽ ജൂൺ നാല് 'മോദി മുക്തി ദിവസാ'യി ചരിത്രത്തിൽ രേഖപ്പെടുത്തും."
മോദിയെ 'നോൺ ബയോളിക്കൽ പ്രധാനമന്ത്രി'യെന്ന് വിളിച്ചുകൊണ്ടുള്ള വിമർശനങ്ങളും ജയറാം രമേശിൻ്റെ പോസ്റ്റിലുണ്ടായിരുന്നു. ഈ 'നോൺ ബയോളജിക്കൽ' പ്രധാനമന്ത്രി തന്നെയാണ് ഇന്ത്യൻ ഭരണഘടനയെയും അതിൻ്റെ തത്വങ്ങളെയും മൂല്യങ്ങളെയും ആസൂത്രിതമായി ആക്രമിച്ചത്. മനുസ്മൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടില്ല എന്ന കാരണത്താൽ ബിജെപി 1949 നവംബറിൽ ഇന്ത്യൻ ഭരണഘടന തള്ളിക്കളഞ്ഞെന്നും, ജനാധിപത്യം എന്നാൽ ഡെമോ ചെയർ എന്നാണ് അർത്ഥമെന്നാണ് മോദി കരുതുന്നതെന്നും ജയറാം രമേശ് ആരോപിച്ചു.
നേരത്തെ, അമിത് ഷായ്ക്ക് പിന്തുണയുമായി പ്രധാനമന്ത്രി മോദി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെട്ടപ്പോൾ എന്ത് സംഭവിച്ചു എന്നതിൻ്റെ ഓർമ്മപ്പെടുത്തലായാണ് ജൂൺ 25 സംവിധാനഹത്യ ദിവസ് ആയി ആചരിക്കുന്നതെന്നായിരുന്നു മോദിയുടെ വാദം. ഇന്ത്യൻ ചരിത്രത്തിൻ്റെ ഇരുണ്ട കാലഘട്ടത്തിൽ കോൺഗ്രസ് അഴിച്ചുവിട്ട അടിയന്തരാവസ്ഥയുടെ അതിരുകടന്നതിനാൽ ദുരിതമനുഭവിക്കുന്ന ഓരോ വ്യക്തിക്കും ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിനം കൂടിയാണിതെന്ന് നരേന്ദ്ര മോദി എക്സിൽ കുറിച്ചു. അമിത് ഷായുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമർശം.