'കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നതുകൊണ്ട് മാത്രം ബാലവിവാഹങ്ങൾ കുറയില്ല'; കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി

'സൊസൈറ്റി ഫോർ എൻലൈറ്റ്മെൻ്റ് ആൻഡ് വോളണ്ടറി ആക്ഷൻ' എന്ന ഓർഗണൈസേഷൻ 2017ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യഹർജി പരിഗണക്കവെയാണ് കോടതിയുടെ പരാമർശം
'കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നതുകൊണ്ട് മാത്രം ബാലവിവാഹങ്ങൾ കുറയില്ല'; കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി
Published on

ശിക്ഷ നൽകുന്നത് കൊണ്ട് മാത്രം ശൈശവവിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് സുപ്രീം കോടതി. ശൈശവ വിവാഹങ്ങളിൽ ഉൾപ്പെട്ട വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യുന്നത് കൊണ്ട് മാത്രം സമൂഹിക മാനങ്ങളുള്ള പ്രശ്നത്തിനുള്ള പരിഹാരമാവില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. രാജ്യത്ത് പ്രായപൂർത്തിയാകാത്തവരുടെ വിവാഹങ്ങൾ വർധിച്ചു വരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൻ്റെ ബോധവത്കരണ ക്യാമ്പയ്നുകളും പരിശീലനങ്ങളും ഫലപ്രദമല്ലെന്നും അടിത്തട്ടിൽ മാറ്റങ്ങൾ വരുത്തുന്നില്ലെന്നും കോടതി ചൂണ്ടികാട്ടി. ശൈശവ വിവാഹ നിരോധന നിയമം നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് 'സൊസൈറ്റി ഫോർ എൻലൈറ്റ്മെൻ്റ് ആൻഡ് വോളണ്ടറി ആക്ഷൻ' എന്ന ഓർഗനൈസേഷൻ കേന്ദ്ര സർക്കാരിനെതിരെ 2017ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യഹർജി പരിഗണക്കവെയാണ് കോടതിയുടെ പരാമർശം.

ശൈശവ വിവാഹം പൂർണമായി നിരോധിക്കുകയെന്നത് ഇതിൽ ഉൾപ്പെട്ട വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യുന്നതുകൊണ്ട് മാത്രം സാധ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ആന്ധ്രാപ്രദേശ് , തെലങ്കാന , മഹാരാഷ്ട്ര , അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ശൈശവ വിവാഹ കേസുകൾ കൂടുന്നതായും ഹർജിക്കാർ വാദിച്ചു. അതേസമയം കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ശൈശവവിവാഹങ്ങളുടെ എണ്ണത്തിൽ വളരെ കുറവുണ്ടെന്നും കഴിഞ്ഞ മൂന്ന് വർഷമായി പ്രകടമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നും കേന്ദ്രത്തിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി.

ബാലവിവാഹ നിരോധന ഓഫീസർമാരായി പ്രവർത്തിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ്, എസ്ഡിഎം തുടങ്ങിയ ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ശൈശവ വിവാഹ നിരോധന ഓഫീസറെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകൾ സംസ്ഥാനങ്ങൾ പാലിക്കുന്നുണ്ടോ എന്നത് കോടതിയെ അറിയിക്കുന്നതിന് യൂണിയൻ ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരുകളുമായി ഇടപഴകണമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, സാക്ഷര കേരളത്തിലും ബാല വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ന്യൂസ് മലയാളം അന്വേഷണത്തില്‍ പുറത്തുവന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരുള്ള ഒരു മസ്ജിദാണ് നിയമപരമായി പ്രായമെത്താത്ത പെണ്‍കുട്ടികളുടെ വിവാഹം പണം പറ്റി നടത്തിക്കൊടുക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com