"പാലക്കാട് മത്സരിക്കണമെന്ന് ഡിസിസി നിർദേശിച്ച കാര്യം അന്നേ അറിഞ്ഞിരുന്നു"; വെളിപ്പെടുത്തി കെ. മുരളീധരൻ

നിർണായകഘട്ടത്തിൽ കത്ത് എങ്ങനെ പുറത്തുപോയി എന്നതും ആലോചനക്ക് വിധേയമാക്കേണ്ട ഒന്നാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ഈ കത്ത് പുറത്തുവന്നതിനാൽ പാലക്കാട് യുഡിഎഫ് സ്ഥാനാർഥിക്ക് ക്ഷീണം ഉണ്ടാവില്ല
"പാലക്കാട് മത്സരിക്കണമെന്ന് ഡിസിസി നിർദേശിച്ച കാര്യം അന്നേ അറിഞ്ഞിരുന്നു"; വെളിപ്പെടുത്തി കെ. മുരളീധരൻ
Published on

പാലക്കാട് ഉപതെരഞ്ഞടുപ്പിൽ തൻ്റെ പേര് നിർദേശിച്ച കാര്യം അന്നേ അറിഞ്ഞിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പാലക്കാട് മത്സരിക്കണമെന്ന് ഡിസിസി നിർദേശിച്ചിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത് രാഹുലിനെ സ്ഥാനാർഥിയാക്കാൻ ആയിരുന്നുവെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

ഡിസിസിയുടെ പഴയ കത്തിന് ഇപ്പോൾ വിലയില്ലെന്നും, ആ കത്ത് തനിക്ക് വാട്സാപ്പിൽ ലഭിച്ചിരുന്നുവെന്നും അന്നുതന്നെ താൻ അത് ഡിലീറ്റ് ചെയ്തുവെന്നും കെ. മുരളീധരൻ പറഞ്ഞു. താൻ വഴി അത് പുറത്തുവരരുതെന്ന് ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും, പക്ഷെ നിർണായകഘട്ടത്തിൽ കത്ത് എങ്ങനെ പുറത്തുപോയി എന്നതും ആലോചനയ്ക്ക് വിധേയമാക്കേണ്ട ഒന്നാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ഈ കത്ത് പുറത്ത് വന്നതുകൊണ്ട് പാലക്കാട് യുഡിഎഫ് സ്ഥാനാർഥിക്ക് ക്ഷീണം ഉണ്ടാവില്ല.

തൃശൂരിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ നിലവിൽ മത്സരം ഇല്ലെന്ന് തീരുമാനിച്ചതാണ്. ഹൈക്കമാൻഡ് തീരുമാനിച്ചതിന് ശേഷം ഇപ്പോൾ മറ്റു തീരുമാനങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ ചാപ്റ്റർ ഇനി ഇപ്പോൾ ചർച്ച ചെയ്യണ്ടെന്നും അറിയിപ്പ് നൽകി. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപാണ് കത്ത് കൊടുത്തത്.

അനാവശ്യ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. പാർട്ടി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ശ്രമിക്കുക. മറ്റു കാര്യങ്ങൾ റിസൾട്ട് ശേഷം നോക്കാമെന്നായിരുന്നു കെ. മുരളീധരൻ്റെ പ്രതികരണം. പാലക്കാട് പ്രചരണത്തിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ടെന്നും, വയനാട്ടിൽ പ്രചരണത്തിന് പോകുന്നത് രാജീവ് ഗാന്ധിയോടുള്ള കടമ കൊണ്ടാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com