'മുരളീധരന്‍ സിപിഎം വിരുദ്ധനല്ല, ബിജെപി വിരുദ്ധൻ'; പ്രശംസയുമായി എ.കെ. ബാലൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നായിരുന്നു കെ. മുരളീധരന്‍റെ പ്രസ്താവന
'മുരളീധരന്‍ സിപിഎം വിരുദ്ധനല്ല, ബിജെപി വിരുദ്ധൻ'; പ്രശംസയുമായി എ.കെ. ബാലൻ
Published on
Updated on

കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് പ്രശംസയുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ബാലൻ. പാലക്കാട് എല്‍ഡിഎഫ്-യുഡിഎഫ് മത്സരമെന്ന മുരളീധരന്‍റെ പ്രസ്താവന സതീശന്‍റെയും സുധാകരന്‍റെയും മുഖത്തടിക്കുന്നതാണെന്നായിരുന്നു എ.കെ. ബാലന്‍റെ പ്രതികരണം. മുഖ്യമന്ത്രി കണ്ടാമൃഗമെന്ന മുരളീധരന്‍റെ പ്രസ്താവന കാര്യമാക്കേണ്ടെന്നും സിപിഎം നേതാവ് പറഞ്ഞു.

"മുഖ്യമന്ത്രി കാണ്ടാമൃഗമെന്ന മുരളീധരന്‍റെ പരാമർശം കാര്യമാക്കേണ്ട. പിണറായിയെ മുരളീധരന് പുകഴ്ത്താൻ പറ്റില്ലല്ലോ. അതുകൊണ്ട് പുട്ടിന് പീര പോലെ ചേർത്തതാകാം", എ.കെ. ബാലൻ പറഞ്ഞു.

പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലെന്ന കെ. മുരളീധരന്‍റെ പ്രസ്താവനയെ പൂർണമായും അംഗീകരിക്കുന്നുവെന്ന് പറഞ്ഞ എ.കെ. ബാലൻ കോണ്‍ഗ്രസ് കളളപ്പണവും, വ്യാജമദ്യവും വ്യാജ ഐഡി കാർഡും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്നും ആരോപിച്ചു. മുരളി ബിജെപി വിരുദ്ധനാണ് എന്നാല്‍ സിപിഎം വിരുദ്ധനല്ലെന്നും എ.കെ. ബാലന്‍ കൂട്ടിച്ചേർത്തു. 

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നായിരുന്നു കെ. മുരളീധരന്‍റെ പ്രസ്താവന. പാലക്കാടിന്‍റെ ഇതുവരെയുള്ള അവസ്ഥവെച്ചു നോക്കിയാല്‍ ബിജെപിയും യുഡിഎഫും തമ്മിലായിരുന്നു മത്സരം. എന്നാല്‍ ഇത്തവണ പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്ത് എത്തുമെന്നും മുരളീധരന്‍ പറഞ്ഞു. പാലക്കാട് യുഡിഎഫിന്‍റെ ഉറച്ച സീറ്റാണെന്ന ആത്മവിശ്വാസവും മുരളീധരന്‍ രേഖപ്പെടുത്തി.

ട്രോളി ബാഗും സ്പിരിറ്റുമൊക്കെ പാലക്കാട് മണ്ഡലത്തില്‍ സിപിഎം പ്രചരണ വിഷയമാക്കുന്നതിനോടും മുരളീധരന്‍ പ്രതികരിച്ചു. പിണറായി സർക്കാരിന്‍റെ എട്ടര കൊല്ലത്തെ ഒരു നേട്ടവും ചൂണ്ടിക്കാണിക്കാനില്ലാത്തതിനാലാണ് ഇത്തരം പ്രചരണങ്ങളെന്ന് മുരളീധരന്‍ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി പ്രചരണത്തിനെത്തിയ കെ. മുരളീധരന്‍ ന്യൂസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com