"കോൺഗ്രസ് പദ്ധതികളുടെ പിതൃത്വം ഒരു നാണവുമില്ലാതെ ഏറ്റെടുക്കുന്നു"; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശവുമായി കെ. മുരളീധരൻ

എൻ്റെ സർക്കാരിന്റെ മാത്രം നേട്ടമെന്ന് പിണറായി വിജയൻ പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
"കോൺഗ്രസ് പദ്ധതികളുടെ പിതൃത്വം ഒരു നാണവുമില്ലാതെ ഏറ്റെടുക്കുന്നു"; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശവുമായി കെ. മുരളീധരൻ
Published on


മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശവുമായി കെ. മുരളീധരൻ. കോൺഗ്രസ് കൊണ്ടുവന്ന പദ്ധതികളുടെ പിതൃത്വം ഒരു നാണവുമില്ലാതെ എൽഡിഎഫ് ഏറ്റെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അധിക്ഷേപം. സംവിധാൻ ബചാവോയിലെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

"സന്താന ഉൽപാദനശേഷിയില്ലാത്ത ആൾ അയൽവീട്ടിലെ കുട്ടിയോട് ഞാനാണ് അച്ഛൻ എന്ന് പറയുന്നതു പോലെയാണ് പിണറായി. ഒരു നാണവും ഇല്ലാതെയാണ് യുഡിഎഫ് പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്നത്. എൻ്റെ സർക്കാരിന്റെ മാത്രം നേട്ടം എന്നു പിണറായി പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. വ്യക്തിപരമായ അധിക്ഷേപമല്ല. പറയേണ്ടി വന്നാൽ ഇനിയും പറയും. ശക്തമായ വിമർശനം ഭാവിയിൽ ഉണ്ടാകും. വിമർശനം കൂടിപ്പോയിട്ടില്ല," കെ. മുരളീധരൻ പറഞ്ഞു.

അതേസമയം, പഹൽ​ഗാം ആക്രമണത്തിൽ രണ്ട് ആഴ്ചയായി മോദിയുടെയും അമിത്ഷായുടെയും വെടിയാണ് പൊട്ടുന്നതെന്നും, പാകിസ്ഥാന് എതിരെ ഒന്നും പൊട്ടിയിട്ടില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആൺകുട്ടികൾ ഈ രാജ്യം ഭരിച്ചിരുന്നു എന്ന് ഓർമ വേണം. അന്ന് പാകിസ്ഥാനെ നിലയ്ക്ക് നിർത്തിയിട്ടുണ്ട്. മോദിയുടെ വാക്കുകൊണ്ടുള്ള വെല്ലുവിളി അല്ല പ്രവർത്തി ആണ് വേണ്ടത്.

ഇഡിയെ ബിജെപി പാർട്ടി ഡിപ്പാർട്ട്മെൻ്റ് ആക്കി മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന് പോലും നിഷ്പക്ഷമായി പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ. സ്വാതന്ത്ര്യ നിലപാട് എടുക്കാൻ രാജ്യത്ത് അവകാശമില്ലതായി. വോട്ടർ പട്ടികയിൽ അടക്കം വൈരുധ്യം ഉണ്ടാകുന്നു. ജനങ്ങൾ വിഭജിക്കാനുള്ള ഗവേഷണം ഓരോ ദിവസവും നടക്കുന്നു. ഭരണാധികാരികൾ നിയമം നിർമ്മിക്കേണ്ടത് ഹൃദയം കൊണ്ടാണ്.

ജാതി സെൻസസ് ആവശ്യപ്പെട്ടവരെ അർബൻ നക്സൽസ് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജാതി സെൻസസ് പ്രഖ്യാപിച്ചത് കോൺഗ്രസിൻ്റെ വിജയമാണ്. സമയബന്ധിതമായി സെൻസസ് നടപ്പിലാക്കണം. പ്രഖ്യാപനം മാത്രമല്ല വേണ്ടതെന്നും കെ.സി. വേണുഗോപാൽ സംവിധാൻ ബചാവോ സമാപനസമ്മേളനത്തിൽ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com