
തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ, മുരളീധരൻ. എഡിജിപി എം.ആർ. അജിത് കുമാറിന്റെ റിപ്പോർട്ട് അംഗീകരിക്കില്ല. അങ്കിത്ത് അശോകൻ്റെ തലയിൽ എല്ലാം കെട്ടി വെക്കാനുള്ള ശ്രമം ആണ് നടക്കുന്നത്. 1200 പേജുള്ള റിപ്പോർട്ട് മുഴുവനായും പുറത്ത് വന്നില്ല. അത് വന്നതിനു ശേഷം മറ്റുകാര്യങ്ങൾ തീരുമാനിക്കും. എന്നാൽ ഒരിക്കലും എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ വിശ്വാസമില്ല. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം എന്ന നിലപാട് തന്നെയാണ് കോൺഗ്രസിന് ഇപ്പോഴും ഉള്ളതെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
ഇതിന്റെ ഗുണം ലഭിച്ച ബിജെപി നേതാക്കളും വിജയിച്ച എംപിയും ആവശ്യപ്പെടുന്നതും ജുഡീഷ്യൽ അന്വേഷണം തന്നെയാണ്. സിപിഐയുടെ സ്ഥാനാർഥി ആവശ്യപ്പെടുന്നത് ഏതന്വേഷണം വന്നാലും സത്യം പുറത്ത് വരണം എന്നാണ്. മൂന്ന് പ്രധാനപ്പെട്ട കക്ഷികളും ഒരേ ആവശ്യത്തിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രിക്ക് എന്തിനാണ് വാശി എന്നും കെ. മുരളീധരൻ ചോദിച്ചു.
എങ്ങനെ ബിജെപിയെയും ഇടതുപക്ഷത്തെയും പരസ്പരം സഹായിക്കാം എന്നതായിരിക്കാം അന്ന് അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി ചർച്ച ചെയ്തത്. പൂരം കലക്കിയാൽ അതിൻ്റെ പ്രയോജനം തൃശൂരിൽ കിട്ടും. തിരുവനന്തപുരത്ത് ആ സമയത്ത് പൂരം ഒന്നും ഉണ്ടായില്ല. ആറ്റുകാൽ പൊങ്കാല കഴിഞ്ഞിരുന്നു. അല്ലെങ്കിൽ പൊങ്കാല കലക്കിയേനെയെന്നും മുരളീധരൻ പരിഹസിച്ചു.
ഞാനും സുനിൽ കുമാറും പൂര ദിവസം മുഴുവൻ അവിടെ ഉണ്ടായിരുന്നു. പൂരം കലങ്ങിയ നേരത്താണ് ബിജെപി സ്ഥാനാർഥി സേവ ഭാരതിയുടെ ആംബുലൻസിൽ എത്തിയത്. പരിപാവനമായ സ്ഥലത്ത് ആ സമയത്ത് ആംബുലൻസിൽ വരേണ്ടത് ഉണ്ടോ എന്നും മുരളീധരന്‍ ചോദിച്ചു.