കെ. സുധാകരന്റെ കരുത്ത് ചോര്‍ന്നിട്ടില്ല; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആരും ആവശ്യപ്പെട്ടിട്ടുമില്ല: കെ. മുരളീധരന്‍

കെ. സുധാകരന്റെ കരുത്ത് ചോര്‍ന്നിട്ടില്ല; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആരും ആവശ്യപ്പെട്ടിട്ടുമില്ല: കെ. മുരളീധരന്‍

പാര്‍ട്ടി അടുത്ത ഇലക്ഷന്‍ വേണ്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണ്. ആ സാഹചര്യത്തിലാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Published on

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. നേതൃമാറ്റം ഇപ്പോള്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. മാറ്റം നല്ലതിനല്ല എന്നാണ് അഭിപ്രായം എന്നും അദ്ദേഹം പറഞ്ഞു.

എല്ലാത്തിനും ഫൈനല്‍ അതോറിറ്റി ഹൈക്കമാന്‍ഡാണ്. ഇടയ്ക്കിടക്ക് മാറ്റുമോ ഇല്ലയോ എന്ന് വരുന്നത് തന്നെ മോശമാണ്. പാര്‍ട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ചര്‍ച്ചയുടെ ആവശ്യമില്ല ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെ. എപ്പോഴും മാറ്റം മാറ്റം എന്ന് പറയുമ്പോള്‍ നേതാക്കളുടെ മനോവീര്യം തകര്‍ക്കും. ഇങ്ങനെയുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഒട്ടും ഗുണം ചെയ്യില്ല. മാറ്റണമെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ ചെയ്‌തോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഒരു സഭകളും ഒന്നിലും ഇടപെട്ടിട്ടില്ല. സമുദായങ്ങളെ ഇതിലേക്ക് വലിച്ചിഴക്കരുത്. പാര്‍ട്ടി അടുത്ത ഇലക്ഷന്‍ വേണ്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണ്. ആ സാഹചര്യത്തിലാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

വെറുതെ ഉണ്ടാക്കുന്ന ഓരോ കഥകളാണ്. പാര്‍ട്ടിയെ നയിക്കാന്‍ കരുത്തന്മാരാണ് വേണ്ടത്. ആ കരുത്ത് സുധാകരന് ചോര്‍ന്നു പോയതായി തനിക്ക് തോന്നിയിട്ടില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ തന്നോട് ആരും പറഞ്ഞിട്ടില്ലെന്ന് കെ. സുധാകരനും നേരത്തെ പറഞ്ഞിരുന്നു. തന്നോട് ആരും മാറാന്‍ പറയാത്തിടത്തോളം കാലും മാറേണ്ട കാര്യമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്തത് കേരളത്തിന്റെ രാഷ്ട്രീയമാണെന്നും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള പ്രചരണങ്ങള്‍ ശരിയല്ല. അത് ഹൈക്കമാന്‍ഡിനെ അറിയിക്കും. ആരാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് നിങ്ങള്‍ തന്നെ കണ്ടു പിടിക്കൂ എന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയില്‍ തനിക്ക് ശത്രുക്കളില്ല. എല്ലാവരുമായും നല്ല ബന്ധമാണ് ഉള്ളത്. ആരെങ്കിലും വിചാരിച്ചാല്‍ അങ്ങനെ തന്നെ തൊടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് ആന്റോ ആന്റണിയുടേത്. എന്നാല്‍ കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട യാതൊരു അറിവും തനിക്ക് ലഭിച്ചിട്ടില്ല എന്ന് ആന്റോ ആന്റണി എംപിയും പറഞ്ഞു.

കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. തല്‍ക്കാലം കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും പ്രചരിക്കുന്ന മറ്റു കാര്യങ്ങളെല്ലാം ഊഹാപോഹങ്ങളാണെന്നും ആന്റോ ആന്റണി പറഞ്ഞു. അധ്യക്ഷസ്ഥാനത്തു തുടരുമെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്നും ആന്റോ ആന്റണി കൂട്ടിച്ചേര്‍ത്തു.

News Malayalam 24x7
newsmalayalam.com