
ചലച്ചിത്ര പുരസ്കാരം അപ്രതീക്ഷിതമായിരുന്നെന്ന് ആടുജീവിതം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ കെ. ആർ. ഗോകുൽ പറഞ്ഞു. പരിശ്രമങ്ങൾ പാഴായില്ലെന്നും, ബ്ലെസ്സി സാർ മകനെപോലെയാണ് കണ്ടതെന്നും, അർഹിച്ച അംഗീകാരമാണ് സിനിമയ്ക്ക് ലഭിച്ചതെന്നും കെ. ആർ. ഗോകുൽ കൂട്ടിച്ചേർത്തു. ഗോകുലിന് കിട്ടിയ പുരസ്കാരത്തിലാണ് ഏറ്റവും വലിയ സന്തോഷമെന്ന് സംവിധായകൻ ബ്ലെസിയും പ്രതികരിച്ചിരുന്നു. ആടുജീവിതത്തിൽ ഹക്കീം എന്ന കഥാപാത്രത്തെയാണ് ഗോകുൽ അവതരിപ്പിച്ചത്.
ആടുജീവിതത്തിൽ പൃഥ്വിരാജിനോടൊപ്പം തന്നെ മികച്ച പരിശ്രമവും, രൂപമാറ്റവും നടത്തിയ ഗോകുലിൻ്റെ കഥാപാത്രം വലിയ പ്രശംസയായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയപ്പോൾ ഏറ്റുവാങ്ങിയത്. ഗോകുൽ സിനിമയ്ക്ക് വേണ്ടി ഭാരം കുറയ്ക്കുന്നതിനും മറ്റും നടത്തിയ പരിശ്രമങ്ങൾ പലപ്പോഴും ബ്ലെസിയും പൃഥ്വിരാജുമെല്ലാം പല തവണയായി എടുത്തുപറയുകയും ചെയ്തിരുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടമാണ് ആടുജീവിതം കൈവരിച്ചിരിക്കുന്നത്. ഒൻപത് അവാർഡുകൾ നേടിയാണ് ചിത്രം സുവർണ നേട്ടം കൈവരിച്ചിരിക്കുന്നത്. മികച്ച ജനപ്രിയ സിനിമ. സംവിധായകൻ, നടൻ, തിരക്കഥ അവലംബം, ഛായാഗ്രഹണം, ശബ്ദമിശ്രണം, മേക്കപ്പ്, ജൂറി പരാമർശം, മികച്ച പ്രോസസിങ് ലാബ്/ കളറിസ്റ്റ് എന്നീ അവാർഡുകളാണ് ആടുജീവിതത്തിന് ലഭിച്ചത്.