ചേലക്കര ഉപതെരഞ്ഞെടുപ്പ്: ചെറുതുരുത്തിയിൽ പ്രചാരണത്തിനിടെ സംഘർഷം

അതേസമയം തങ്ങളെ മർദിച്ചവരെ തിരിച്ചടിക്കുമെന്ന്  കെപിസിസി പ്രസിഡൻറ് കെ സുധാകരൻ പ്രതികരിച്ചു
ചേലക്കര ഉപതെരഞ്ഞെടുപ്പ്: ചെറുതുരുത്തിയിൽ പ്രചാരണത്തിനിടെ സംഘർഷം
Published on

ചേലക്കര ചെറുതുരുത്തിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മർദിച്ചതായാണ് പരാതി. ഇതേ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നു. ഒടുവിൽ നേതാക്കൾ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.

മണ്ഡലത്തിലെ വികസന പോരായ്മകള്‍ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ചോദ്യം ചെയ്‌തെത്തിയ വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡൻ്റ് ഷെയ്‌ഖ് അബ്ദുൽ ഖാദറും ഡിവൈഎഫ്ഐ  പ്രവർത്തകരും ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കുകയായിരുന്നു. കയ്യേറ്റത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിഷാദ്, ഷമീർ എന്നിവർക്ക് പരിക്കേറ്റു.

ALSO READ: പാലക്കാട് ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസിന് തലവേദനയായി പാർട്ടി പ്രാദേശിക ഘടകത്തിലെ പൊട്ടിത്തെറി

പ്രശ്നം പരിഹരിക്കാൻ എത്തിയ പോലീസും തങ്ങളെ മർദിച്ചതായും യുവാക്കൾ ആരോപിച്ചു. കൂടുതൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തേക്ക് എത്തിയതോടെ പ്രതിഷേധം ശക്തമായി. കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. തൊട്ട് പിന്നാലെ സിപിഎം പ്രവർത്തകരും  പ്രതിഷേധ പ്രകടനവുമായെത്തി. ഇതോടെ വീണ്ടും സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.

സ്റ്റേഷന് മുന്നിൽ നിലയുറപ്പിച്ചിരുന്ന പൊലീസും സിഐഎസ്എഫും ചേർന്ന് പ്രവർത്തകരെ നീക്കി. കുന്നംകുളം എസിപിയുമായി ടി.എൻ. പ്രതാപനും അനിൽ അക്കരെയും നടത്തിയ ചർച്ചയിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചു. ഇതോടെ രണ്ടര മണിക്കൂർ നേരം നീണ്ട സമരം കോൺഗ്രസ് അവസാനിപ്പിച്ചു.

അതേസമയം തങ്ങളെ മർദിച്ചവരെ തിരിച്ചടിക്കുമെന്ന്  കെപിസിസി പ്രസിഡൻറ് കെ സുധാകരൻ പ്രതികരിച്ചു. സംഘർഷത്തിൽ പരുക്കേറ്റ പ്രവർത്തകനെ വീഡിയോ കോളിൽ വിളിച്ച് തിരിച്ചടി നൽകാമെന്നാണ് സുധാകരൻ  ഉറപ്പു നൽകിയത്. മർദനത്തിൽ പരുക്കേറ്റ നിഷാദ് തലശേരിയെ  ഫോണിൽ വിളിച്ചാണ്  കെപിസിസി പ്രസിഡൻ്റ്  ഭീഷണിയുടെ സ്വരത്തിൽ കാര്യങ്ങൾ പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com