
പി.വി. അൻവറിൻ്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മറുപടിയെ പരിഹസിച്ച് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. സ്വന്തം കാര്യം മാത്രം പറഞ്ഞ പിണറായി, പാർട്ടിയെ തെരുവിലിട്ടിട്ട് പോയെന്ന് സുധാകരൻ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. അൻവറിനെ പാർട്ടിയിലേക്ക് ക്ഷണിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
പി.വി. അൻവറിൻ്റെ ആരോപണങ്ങൾ ദുരുദ്ദേശ്യത്തോടു കൂടെയുള്ളതാണെന്നും പാർട്ടിയെയും സർക്കാരിനേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എംഎൽഎ എന്ന നിലക്ക് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ കേരളത്തിൽ അന്വേഷിക്കാവുന്നതിൽ മികച്ച അന്വേഷണ സംവിധാനം ഒരുക്കിയാണ് നടപടികൾ സ്വീകരിച്ചത്. അതിൽ തൃപ്തനല്ലെന്ന് അദ്ദേഹം ഇന്നലെ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. പരാതികളിൽ എസ്ഐടിയുടെ അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിൽ പത്തുമിനുട്ടിൽ താഴെ പ്രതികരണം ഒതുക്കിയ മുഖ്യമന്ത്രി വിശദമായ മറുപടി പിന്നീടുണ്ടാകുമെന്ന സൂചനയും നൽകിയിട്ടുണ്ട്.
എന്നാൽ, താൻ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് മാത്രം എന്തുകൊണ്ടാണ് മനസിലാകാത്തതെന്ന് ചോദിച്ച് അൻവറും രംഗത്തെത്തിയിരുന്നു. താൻ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും, എസ്ഐടിയുടെ അന്വേഷണം താഴേക്കാണ്. മുഖ്യമന്ത്രി ശ്രമിക്കുന്നത് തന്നെ പ്രതിയാക്കാനാണ്. ഇന്നും അതിനനുസരിച്ചാണ് സംസാരിച്ചത്. എഡിജിപി എഴുതി നൽകിയ വാറോലയാണ് മുഖ്യമന്ത്രി വായിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.