എഡിജിപിയുടെ സ്ഥാനമാറ്റം; ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേട്: കെ. സുധാകരൻ

നിമയസഭ തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങളില്‍ നിന്ന് തടിതപ്പാനും പുകമുറ സൃഷ്ടിക്കാനും ചട്ടപ്പടി നടപടി മാത്രമാണിത്
എഡിജിപിയുടെ സ്ഥാനമാറ്റം; ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേട്: കെ. സുധാകരൻ
Published on

എഡിജിപി എം.ആര്‍. അജിത് കുമാറിന് സ്ഥാനമാറ്റം നല്‍കിയ നടപടി മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനമാണെന്ന് കെപിസിസി പ്രസിഡൻറ് കെ. സുധാകരന്‍. ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി സായുധ പൊലീസ് ബറ്റാലിയനില്‍ നിര്‍ത്തിക്കൊണ്ടാണ് എഡിജിപി അജിത് കുമാറിനോടുള്ള കരുതല്‍ മുഖ്യമന്ത്രി കാട്ടിയത്. ഇത് ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേടാണ്. ഒട്ടും ആത്മാര്‍ത്ഥമല്ലാത്ത നടപടിയാണ് സര്‍ക്കാരിൻ്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

നിമയസഭ തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങളില്‍ നിന്ന് തടിതപ്പാനും പുകമുറ സൃഷ്ടിക്കാനും ചട്ടപ്പടി നടപടി മാത്രമാണിത്. പൂരം കലക്കിയത് ഉള്‍പ്പെടെ ഇതുവരെയുള്ള പ്രതിപക്ഷ ആരോപണം എല്ലാം പരോക്ഷമായി സമ്മതിക്കുന്നതാണ് എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യമെന്ന് കെ. സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് വേണ്ടി രാഷ്ട്രീയ ദൗത്യമേറ്റെടുത്ത് ആര്‍എസ്എസ് നേതാക്കളെ കണ്ട എഡിജിപിയെ കൈവിടാന്‍ തയാറല്ലെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ആര്‍എസ്എസ് നേതൃത്വത്തിൻ്റെ പ്രീതി നിലനിര്‍ത്താനാണ് എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി ചേര്‍ത്ത് പിടിക്കുന്നത്. എഡിജിപിയെ പരമാവധി സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെ തങ്ങളുടെ വിജയമെന്ന് അവകാശപ്പെടുന്നത് സിപിഐയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഗതികേടാണ്. എഡിജിപിയെ നുള്ളിനോവിക്കാതെ മുഖ്യമന്ത്രി നടത്തിയ തൊലിപ്പുറത്തെ ചികിത്സയെ വിജയമായി ആഘോഷിക്കുന്ന സിപിഐ കേരളീയ സമൂഹത്തില്‍ കൂടുതല്‍ അപഹാസ്യമായെന്നും കെ. സുധാകരന്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com