
നവീന്‍ ബാബുവിന്‍റെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നവെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. മൃതദേഹ പരിശോധന റിപ്പോര്‍ട്ടില്‍ രക്തക്കറയുടെയോ പരുക്കിന്‍റെയോ പരാമര്‍ശങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു. പൊലീസിന്‍റെ എഫ്ഐആറിലും രക്തക്കറയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
രക്തക്കറയുടെ ഉറവിടമായ പാടുകള്‍ ശരീരത്തില്‍ കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടത്തില്‍ സാധിക്കാത്തത് സംശയമുയർത്തുന്നു. കുറ്റാരോപിതയെ സംരക്ഷിച്ച പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ മരണത്തിലെ ദുരൂഹത നീങ്ങില്ലെന്നും സുധാകരന്‍ പറഞ്ഞു. ഗൂഢാലോചന പുറത്ത് വരാൻ സര്‍ക്കാര്‍ കുടുംബത്തിന്റെ ആവശ്യത്തിനൊപ്പം നില്‍ക്കണം. പരാതിക്കാരനായ പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്ന് കണ്ടെത്തണമെന്നും കളക്ടറുടെ മൊഴിമാറ്റത്തിന് പിന്നിലെ കാരണം കണ്ടെത്തണമെന്നും കെ. സുധാകരന്‍ കൂട്ടിച്ചേർത്തു.
കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റേത് കൊലപാതകം അല്ല, ആത്മഹത്യ തന്നെയെന്നാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ പ്രതി പിപി ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് നവീൻ തൂങ്ങിമരിച്ചത്. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. നവീൻ ബാബുവിനെ തേജോവധം ചെയ്യുക എന്ന ദുരുദ്ദേശ്യത്തോടെയാണ് പിപി ദിവ്യ യോഗത്തിന് എത്തിയത്. അന്വേഷണത്തിൽ പുരോഗതിയില്ലെന്ന നവീൻ്റെ ഭാര്യയുടെ വാദം അവാസ്തവമാണന്നും സത്യവാങ്മൂലത്തിലുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലായിരുന്നു സർക്കാർ വിശദീകരണം. നവീന്‍ ബാബുവിന്‍റേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പറയുന്നത്. ശരീരത്തില്‍ മുറിവുകളില്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തല്‍.