
ലേഖന വിവാദത്തിൽ കോൺഗ്രസ് എംപി ശശി തരൂരിനെ തള്ളി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ശശി തരൂരിൻ്റേത് പാർട്ടി നിലപാടല്ലെന്ന് കെ. സുധാകരൻ അഭിപ്രായപ്പെട്ടു. ശശിതരൂരിൻ്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. തരൂരിനെ താൻ ഉപേദേശിച്ചിട്ടുണ്ടെന്നും പ്രവർത്തക സമിതിയിൽനിന്ന് ഒഴിവാക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും സുധാകരൻ പറഞ്ഞു. കേരളം വ്യാവസായിക മേഖലയിൽ വളരുന്നുവെന്നായിരുന്നു കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂരിന്റെ പ്രശംസയാണ് വിമർശനങ്ങൾക്ക് കാരണമായത്.
'ശശി തരൂർ അദ്ദേഹത്തിൻ്റെ അഭിപ്രായം പറഞ്ഞു. വ്യക്തികള്‍ക്ക് പല തീരുമാനമുണ്ടാകാം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ തീരുമാനമുണ്ട്. ഔദ്യോഗികമായി അനുസരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക പാര്‍ട്ടിയുടെ തീരുമാനമാണ്. ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കണോ എന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. അതിന് കഴിവുള്ള നേതാക്കളുടെ കൈകളിലാണ് പാര്‍ട്ടിയുള്ളത്. ശശി തരൂരിന് ഞാൻ നല്ല ഉപദേശം കൊടുത്തിട്ടുണ്ട്. പറയേണ്ട കാര്യങ്ങളെല്ലാം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്,' -കെ. സുധാകരന്‍ പറഞ്ഞു.
ശശി തരൂരിൻ്റെ ലേഖനത്തെക്കുറിച്ച് പരാമർശിക്കാതെ, വ്യാവസായിക വകുപ്പിനെ തള്ളിക്കൊണ്ട് സുധാകരൻ്റെ വാർത്താക്കുറിപ്പ് നേരത്തെ എത്തിയിരുന്നു. കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നായിരുന്നു സുധാകരൻ്റെ പക്ഷം. കേന്ദ്ര സര്‍ക്കാര്‍ 2020ല്‍ കൊണ്ടു വന്ന ഉദ്യം പദ്ധതിയില്‍ കടകളുടെ രജിസ്‌ട്രേഷന്‍ നടത്തിയതോടെയാണ് സംരംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതെന്നും സുധാകരൻ പറഞ്ഞിരുന്നു.
'ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടില്‍ ഇന്നലത്തെ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന തരൂരിന്റെ ലേഖനമാണ് ചർച്ചകള്‍ക്ക് കാരണമായത്. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂർ ലേഖനത്തിൽ എടുത്തു പറഞ്ഞത്.
സംസ്ഥാന സർക്കാർ ഭരണതലത്തിൽ പരിപൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവും സംഘവും കിട്ടുന്ന അവസരത്തിലെല്ലാം ആവർത്തിക്കുമ്പോഴാണ് സംസ്ഥാന വ്യവസായ വകുപ്പിനെ വാനോളം പുകഴ്ത്തി കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ പരമോന്നത സമിതിയിലെ ഏക അംഗം കൂടിയായ ഡോ.ശശി തരൂരിൻ്റെ സുദീർഘ ലേഖനം. തരൂരിൻ്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് തരൂർ ഇത് പറയുന്നതെന്ന് പാർട്ടി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കെ. മുരളീധരനും, ചെന്നിത്തലയും കോൺഗ്രസ് വക്താവ് പവൻ ഖേരയും തരൂരിനെതിരെ പ്രതികരണങ്ങളുമായി എത്തി.