'പിണറായിക്ക് വരേണ്യ മനസ്'; ശ്രീനാരായണ ധര്‍മത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് കെ. സുരേന്ദ്രന്‍

92ാമത് ശിവഗിരി തീർഥാടനത്തിന്റെ മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെയാണ് സനാതന ധ‍ർമത്തെ മുഖ്യമന്ത്രി വിമർശിച്ചത്
കെ. സുരേന്ദ്രന്‍
കെ. സുരേന്ദ്രന്‍
Published on

സനാതന ധർമത്തെ വിമർശിച്ച മുഖ്യമന്ത്രി  പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. പിണറായി വിജയന് വരേണ്യ മനസാണെന്നും മറ്റു മതങ്ങളെ ആക്ഷേപിക്കാനുള്ള ചങ്കൂറ്റം പിണറായിക്കുണ്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു. ശ്രീനാരായണ ധര്‍മത്തെ മുഖ്യമന്ത്രി അധിക്ഷേപിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.

"ചില ആളുകൾക്ക് ഗുരുദേവൻ ഇപ്പോഴും കേവലം സാമൂഹ്യ പരിഷ്കർത്താവ് മാത്രമാണ്. അതിനപ്പുറമുള്ള ഔന്നിത്യം കൊടുക്കാൻ വരേണ്യ മനസ് അനുവദിക്കുന്നില്ല. സനാതന ധർമ വിശ്വാസികൾക്ക് ഗുരു ദൈവം തന്നെയാണ്. ഗുരുദേവനെ സനാതന ധർമത്തിൽ നിന്ന് അടർത്തിയെടുക്കാൻ ആദ്യകാലം മുതൽ ശ്രമം നടന്നിരുന്നു. സനാതന ധർമത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ മുക്തനാക്കാനുള്ള നീക്കം ദുരൂഹം", സുരേന്ദ്രൻ പറഞ്ഞു. ലോകം കണ്ട ഏറ്റവും വലിയ സനാതന സന്ന്യാസിയാണ് ശ്രീനാരായണ ഗുരുവെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേ‍ർത്തു.

കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ പോലുള്ളവരുടെ മുന്നില്‍ മുട്ടിട്ട് നില്‍ക്കുന്നയാളാണ് പിണറായി. ഖൂര്‍ആനെ വിമര്‍ശിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകുമോ? ഗുരുദേവൻ സനാതന ധർമ്മി അല്ലെന്നുള്ള പ്രസ്താവന വിവരക്കേടെന്നും സുരേന്ദ്രൻ പറഞ്ഞു.



92ാമത് ശിവഗിരി തീർഥാടനത്തിന്റെ മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെയാണ് സനാതന ധ‍ർമത്തെ മുഖ്യമന്ത്രി വിമർശിച്ചത്. സനാതന ഹിന്ദുത്വം എന്ന പ്രയോഗം പഴയ ബ്രാഹ്മണിക്കൽ രാജഭരണ കാലത്തേക്കുള്ള പോക്കാണെന്നും അത് ജനാധിപത്യപരമല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

'ലോകഃ സമസ്തഃ സുഖിനോ ഭവന്തു' എന്ന ശ്ലോകം പോലും ശരിയല്ല. അതിന് മുമ്പുള്ള വാക്കുകൾ പശുവിനും ബ്രാഹ്മണനും സുഖമുണ്ടാകട്ടെ എന്നാണ്. അവർക്ക് സുഖമുണ്ടായാൽ ലോകത്തിനും സുഖമുണ്ടാകും എന്നാണ് പൂർണ അർഥമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശ്രീ നാരായണ ​ഗുരു സനാതന ധർമത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല. സനാതന ധർമത്തിന്റെ വക്താവായി ശ്രീനാരായണ ഗുരുവിനെ പ്രതിഷ്ഠിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും അത് തിരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി സമ്മേളന വേദിയിൽ പറഞ്ഞു. ഇതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് മുഖ്യമന്ത്രിയുടെ പരമാർശത്തിനു നേരെ ഉയ‍ർന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com