
അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സീതാറാം യെച്ചൂരിയെ പോലൊരു നേതാവ് ഇനി സിപിഎമ്മിൽ ഉണ്ടാകുമോ എന്ന് അറിയില്ല. ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹം മികച്ച നേതാവായിരുന്നു. സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുണ്ടതായും കെ. സുരേന്ദ്രൻ പറഞ്ഞു.
പിണറായിക്കെതിരെയും സുരേന്ദ്രൻ വിമർശനങ്ങൾ ഉന്നയിച്ചു. ഈ പാർട്ടി സമ്മേളനം കഴിയുമ്പോൾ സിപിഎമ്മിൻ്റെ അന്ത്യകൂതാശ ആണെന്നും, അതിന്റെ കാരണക്കാരൻ പിണറായി ആകുമെന്നും സുരേന്ദ്രൻ പരിഹസിച്ചു. മുഖ്യമന്ത്രിയെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ ഒരു പടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ജെഎന്‍യു യൂണിയൻ പ്രസിഡൻ്റായിരുന്ന യെച്ചൂരി; ഇന്ദിരയെ ചോദ്യം ചെയ്ത വിപ്ലവ യുവത്വം
അതേസമയം സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് എയിംസ് ആശുപത്രിയിൽ നിന്ന് വസന്ത്കുഞ്ചിലെ വസതിയിലേക്ക് കൊണ്ട് പോകും. വൈകിട്ട് 6 മണി മുതൽ വീട്ടിൽ ബന്ധുകളും അടുത്ത സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയേക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ളവരും വസതിയിൽ അന്തിമോപചാരം അർപ്പിക്കാൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
നാളെ രാവിലെ 11 മണി മുതൽ 3 മണി വരെ ഡൽഹി എകെജി ഭവനിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തും. തുടർന്ന് ഭൗതികശരീരം ഡൽഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് പഠനത്തിനായി കൈമാറും.