'രാജീവ്‌ ചന്ദ്രശേഖറിന് രാഷ്ട്രീയ പാരമ്പര്യമുണ്ടോയെന്ന് ചോദിക്കുന്നു': മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവ സമ്പത്തുണ്ടെന്ന് കെ. സുരേന്ദ്രൻ

അവഗണിക്കാൻ കഴിയാത്ത ശബ്ദമായി ബിജെപി മാറിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു
കെ. സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
Published on

ബിജെപി ഹിന്ദുക്കളുടെ മാത്രം പാർട്ടിയാണെന്ന ആക്ഷേപം നേരിടുന്നുവെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ആരൊക്കെ ജീവിക്കുന്നുണ്ടോ അവരുടെ എല്ലാം പാർട്ടിയാണ് ബിജെപി. കഴിഞ്ഞത് ബിജെപിയുടെ വളർച്ചയുടെ ദശാബ്ദമാണെന്നും ആ അഭൂതപൂർവമായ വളർച്ചയാണ് സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ചർച്ച ചെയ്തതെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. പാർട്ടി പതാകയും മിനുട്സ് ബുക്കും കെ. സുരേന്ദ്രൻ രാജീവ്‌ ചന്ദ്രശേഖറിന് കൈമാറി.

ഏത് സാധാരണ പ്രവർത്തകനും ഏതു പദവിയിലും എത്തി പ്രവർത്തിക്കാൻ കഴിയുന്നത് ബിജെപിയിൽ മാത്രമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇനി ബിജെപിയുടേത് ഭരണത്തിലേക്കുള്ള ദശാബ്ദമാണ്. കേരളം ബിജെപിക്ക് ബാലികേറാ മലയാണെന്നായിരുന്നു പ്രതീതി. എന്നാൽ ആ പ്രതീതി മാറുന്നു. അവഗണിക്കാൻ കഴിയാത്ത ശബ്ദമായി ബിജെപി മാറിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

രാജീവ്‌ ചന്ദ്രശേഖറിന് ദൈനംദിന രാഷ്ട്രീയ പാരമ്പര്യമുണ്ടോയെന്ന് വിമർശകർ ചോദിക്കുന്നതായി കെ. സുരേന്ദ്രൻ പറഞ്ഞു. രാജീവിന് മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവ പാരമ്പര്യമുണ്ട്. കൈവച്ച മേഖലയിലെല്ലാം ഉജ്വല വിജയം കൈവരിച്ചു. തിരുവനന്തപുരത്ത് സ്ഥാനാർത്ഥിത്വം നൽകിയപ്പോഴും രാഷ്ട്രീയ പാരമ്പര്യം വിമർശകർ ഉന്നയിച്ചു. അഞ്ചുദിവസം കഴിഞ്ഞപ്പോൾ വിമർശകർ തന്നെ നിലപാട് മാറ്റിയെന്ന് സുരേന്ദ്രൻ പറഞ്ഞു. മൂന്ന് മുന്നണികളുള്ള സംസ്ഥാനമാണ് കേരളം. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മുന്നണിയെ നയിക്കുക എന്നത് ശ്രമകരമാണ്. കൈ നനയാതെ മീൻ പിടിക്കുന്ന പ്രതിപക്ഷമാണ് ഇവിടുള്ളതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപി കോർ കമ്മിറ്റിയിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ദേശീയ നേതൃത്വമാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിർദേശിച്ചത്. ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, മുന്‍ പ്രസിഡന്റ് വി. മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും ദേശീയനേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ ഇവരെ മറികടന്ന് രാജീവ് ചന്ദ്രശേഖറിനെ നേതൃ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് നടന്ന ചടങ്ങിലാണ് കേരള വരണാധികാരി പ്രൾഹാദ് ജോഷി ഔദ്യോ​ഗികമായി രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com