ഡിസിസി ട്രഷററും മകനും ജീവനൊടുക്കിയ സംഭവം: ഐ. സി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് കെ. സുരേന്ദ്രൻ

സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമന തട്ടിപ്പിൻ്റെ ഉത്തരവാദികൾ കോൺഗ്രസിൻ്റെ ഉന്നത നേതാക്കാളെന്നും, സമഗ്രമായ അന്വേഷണം വേണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു
ഡിസിസി ട്രഷററും മകനും ജീവനൊടുക്കിയ സംഭവം: ഐ. സി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് കെ. സുരേന്ദ്രൻ
Published on

വയനാട് ഡിസിസി ട്രഷററും മകനും ജീവനൊടുക്കിയ സംഭവത്തിൽ ഐ.സി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് കെ. സുരേന്ദ്രൻ. സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമന തട്ടിപ്പിൻ്റെ ഉത്തരവാദികൾ കോൺഗ്രസിൻ്റെ ഉന്നത നേതാക്കാളെന്നും, സമഗ്രമായ അന്വേഷണം വേണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.


ബാങ്ക് ജോലിക്കായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ കോൺഗ്രസിനെ വെട്ടിലാക്കി കൊണ്ട് പഴയ കരാർ രേഖ പുറത്തുവന്നിരുന്നു. ബാങ്ക് നിയമനത്തിനായി ഉദ്യോഗാർഥിയുടെ പിതാവിൽ നിന്ന് 30 ലക്ഷം വാങ്ങിയതായാണ് കണ്ടെത്തിയത്. ഡിസിസി ട്രഷറി എൻ.എം. വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.

എൻ.എം. വിജയൻ്റെ മധ്യസ്ഥതയിൽ അദ്ദേഹം രണ്ടാം കക്ഷിയായും അമ്പലവയൽ പഞ്ചായത്തിലെ ഒരു റിട്ടയേഡ് ഉദ്യോഗസ്ഥൻ ഒന്നാം കക്ഷിയായും ഉണ്ടാക്കിയ കരാറിൽ 30 ലക്ഷം രൂപയ്ക്ക് ബാങ്കിൽ ജോലി നൽകാമെന്ന് ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണന് കൈമാറിയ കരാർ പത്രമാണ് പുറത്തുവന്നിരിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി അർബൻ ബാങ്കിലോ, പൂതാടി സർവീസ് ബാങ്കിലോ,മടക്കിമല സർവീസ് ബാങ്കിലോ ആദ്യം വരുന്ന, ഒഴിവിൽ ഒന്നാം കക്ഷിയുടെ മകനെ നിയമിക്കാമെന്ന ഡിസിസി പ്രസിഡൻ്റും എംഎൽഎയുമായ ഐ.സി ബാലകൃഷ്ണൻ്റെ നിർദേശത്തിൻ്റെയും, ഉറപ്പിൻ്റെയും അടിസ്ഥാനത്തിൽ രണ്ടാം കക്ഷി ഒന്നാം കക്ഷിയിൽ നിന്നും 30 ലക്ഷം വാങ്ങി ബോധ്യപ്പെട്ടുവെന്നും കരാറിൽ പറയുന്നു.

30 ലക്ഷം രൂപ മുഴുവനും ബത്തേരി എംഎൽഎയ്ക്ക് നൽകിയെന്നും കരാറിൽ ജോലി ലഭിക്കാത്ത പക്ഷം ഇത് ഏഴ് ശതമാനംപലിശയോടെ ഐ. സി. ബാലകൃഷ്ണൻ എംഎൽഎ തിരിച്ചുതരുമെന്നും കരാറിൽ പറയുന്നുണ്ട്. ഈ ഇടപാട് എംഎൽഎയ്ക്കു വേണ്ടി മാത്രം നടത്തിയതിനാൽ സാക്ഷികൾ ആരും വേണ്ടെന്ന് ഇരുകക്ഷികളും സമ്മതിച്ചിരുന്നുവെന്നും, കരാറിൽ പറയുന്നുണ്ട്.


അതേസമയം വയനാട് ഡിസിസി ട്രഷററും മകനും ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി സിപിഎം രംഗത്തെത്തിയിരുന്നു. എൻ. എം. വിജയൻറെയും മകന്റെയും മരണത്തിൽ അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടത്താൻ കെപിസിസിയോട് ആവശ്യപ്പെടും. അർബൻ ബാങ്ക് നിയമന തട്ടിപ്പുമായി ഉയർന്ന ആരോപണം നേരത്തെ തന്നെ വന്നതാണ്. എന്നാൽ സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നു എന്നത് പാർട്ടിക്ക് അറിയില്ലെന്നും, കെപിസിസിയുടെ അന്വേഷണത്തിൽ സംഭവം അടിസ്ഥാന രഹിതമെന്ന് കണ്ടെത്തിയതായും ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com