
ടൂറിസം വകുപ്പിനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ നിയമസഭയിൽ കടുത്ത വിമർശനമുന്നയിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി നടപ്പാക്കാനുള്ള കരാറില്‍ ഒപ്പിടാതെ ടൂറിസം വകുപ്പ് പദ്ധതി നീട്ടി കൊണ്ടുപോകുന്നു എന്ന് കാട്ടിയായിരുന്നു കടകംപള്ളിയുടെ വിമർശനം. കോടികൾ വകയിരുത്തിയ പദ്ധതി നടപ്പിലാക്കാത്തതിനു പിന്നിൽ നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും നേതാവ് ആരോപിച്ചു.
തിരുവനന്തപുരം ജില്ലയിൽ 225 ഏക്കർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കുന്ന 185 കോടിയുടെ പദ്ധതിയാണ് അനിശ്ചിതാവസ്ഥയിൽ തുടരുന്നത്. പ്രഖ്യാപനം കഴിഞ്ഞ് പല കടമ്പകൾ പിന്നിട്ടാണ് 96.13 കോടി രൂപക്ക് ആദ്യഘട്ട പണി തീർക്കാൻ കരാറെത്തിയത്. പക്ഷേ കരാറിൽ ഒപ്പിട്ട് തുടർ നടപടികൾ സ്വീകരിക്കാൻ നടത്തിപ്പ് ഏജൻസിയായ വാപ്കോസോ ടൂറിസം വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് സ്ഥലം എംഎൽഎ കൂടിയായ കടകംപള്ളിയുടെ വിമർശനം.
സ്വകാര്യ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിച്ച് പദ്ധതി അട്ടിമറിയ്ക്കാന്‍ നീക്കം നടത്തിയെന്നും ഇവക്ക് ഓരോന്നിനും മറുപടി പറയാതെ പൊതുവായ മറുപടിയാണ് മന്ത്രി മുഹമ്മദ് റിയാസ് നൽകിയതെന്നും കടകംപള്ളി പറഞ്ഞു. നേരത്തെ മുഹമ്മദ് റിയാസിന് കീഴിലെ പൊതുമരാമത്ത് വകുപ്പിനെയും കടകംപള്ളി വിമർശിച്ചിരുന്നു. ആരോപണങ്ങളിൽ മന്ത്രി മുഹമ്മദ് റിയാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പദ്ധതി നടത്തിപ്പ് കിഫ്ബി റിപ്പോർട്ട് അനുസരിച്ച് നീങ്ങുമെന്നും മുഹമ്മദ് റിയാസ് സഭയെ അറിയിച്ചു.