
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിലുണ്ടായ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുൻ എംഎൽഎ കെ കെ ലതികയ്‌ക്കെതിരെ അന്വേഷണം. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ നൽകിയ പരാതിയിലാണ് അന്വേഷണം.
ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു സ്ക്രീൻഷോട്ട്. സ്ഥാനാർത്ഥിക്കെതിരെ അവമതിപ്പുണ്ടാക്കുന്ന നീക്കമാണു നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കാഫിർ പ്രയോഗത്തിൻ്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമത്തിൽ നിന്നും കഴിഞ്ഞദിവസം കെ കെ ലതിക പിൻവലിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് പോസ്റ്റ് നീക്കം ചെയ്ത് ഫെയ്സ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തത്.
ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് 'യൂത്ത് ലീഗ് നെടുമ്പ്രമണ്ണ'എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ യൂത്ത് ലീഗ് നേതാവ് പി.കെ മുഹമ്മദ് കാസിം ഇട്ടത് എന്ന പേരിലാണു സ്ക്രീൻഷോട്ട് പുറത്തുവന്നത്. സിപിഎമ്മിൻ്റെ പരാതിയിൽ കാസിമിനെതിരെ അന്വേഷണം നടത്തിയെങ്കിലും സ്ക്രീൻഷോട്ട് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ കാസിമിനു പങ്കില്ലെന്ന് കോടതിയിൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പോസ്റ്റിനു പിന്നിൽ ആരാണെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.