
കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സിപിഎമ്മിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. വടകരയിലെ കാഫിർ സ്കീൻഷോട്ട് വിവാദത്തിൽ പൊലീസ് ഒളിച്ചു കളി തുടരുകയാണ്. റിബീഷ് എന്ന ഡിവൈഎഫ്ഐ പ്രവർത്തകനാണ് വ്യാജ സ്ക്രീൻ ഷോട്ട് നിർമിച്ചത് എന്ന് തെളിഞ്ഞിട്ടും ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിക്കുന്നില്ല. വലിയ ഗൂഢാലോചന വിഷയത്തിൽ നടന്നിട്ടുണ്ട്. മതസ്പർദ്ധ വളർത്താനുള്ള ശ്രമത്തിന് പിന്നിൽ സിപിഎമ്മിനും നേതാക്കൾക്കും പങ്കുണ്ടെന്നും പി.കെ. ഫിറോസ് ആരോപിച്ചു.
അധ്യാപകനായ റബീഷിനെ പിരിച്ചു വിടണമെന്നും റബീഷിൻ്റെ സ്കൂളിലേക്ക് നാളെ മാർച്ച് നടത്തുമെന്നും പറഞ്ഞ പി.കെ. ഫിറോസ് 153 A പ്രകാരം കുറ്റക്കാർക്ക് എതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു.
കാഫിർ വിവാദത്തിൽ പ്രതികളെ രക്ഷിക്കാനാണ് സർക്കാറും പൊലീസും ശ്രമിക്കുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ആരോപിച്ചു. കോടതി ഇടപെട്ടതോടെ ആരാണ് കുറ്റക്കാർ എന്ന് വ്യക്തമായി. പ്രതികൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാവുന്നില്ല. ഭരണകക്ഷികൾക്ക് എന്തും ആവാം എന്നാണ് നിലപാട്. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നത് വരെ ലീഗ് നിയമപരമായി പോരാടുമെന്നും പിഎംഎ സലാം വ്യക്തമാക്കി.