
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ എംഎസ്എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനായാണ് വടകര പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച്ചയാണ് ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് കാസിമിനെ പൂര്‍ണമായി കുറ്റവിമുക്തനാക്കാനാകില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കാസിമിന്റെ പേരിലായിരുന്നു കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സൃഷ്ടിച്ചത്. ഇങ്ങനെയൊരു സ്‌ക്രീന്‍ഷോട്ട് അയച്ചിട്ടില്ലെന്നും തന്നേയും യുഡിഎഫിനേയും അപകീര്‍ത്തിപ്പെടുത്താന്‍ മറ്റാരോ സൃഷ്ടിച്ചതാണെന്നായിരുന്നു കാസിം വ്യക്തമാക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് തലേന്നാണ് മുഹമ്മദ് കാസിമിന്റെ പേരിലുള്ള വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്.
സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പരാതി നല്‍കിയതും കാസിമായിരുന്നു. വ്യാജ വാട്‌സ്ആപ്പ് സന്ദേശം തന്റെ പേരില്‍ സൃഷ്ടിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. ഈ അന്വേഷണത്തിലാണ് സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ സിപിഎം സൈബര്‍ കേന്ദ്രങ്ങളാണെന്ന് പൊലീസ് കണ്ടെത്തിയത്. ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് ആണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പുറത്തുവിട്ടതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയെങ്കിലും ആരാണ് സൃഷ്ടിച്ചതെന്ന് അറിയില്ലെന്നും പൊലീസ് പറയുന്നു.
പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുഹമ്മദ് കാസിമിന്റെ പരാതിയില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്നും കോടതി ചോദിച്ചു. പലരുടേയും മെബൈല്‍ ഫോണുകള്‍ കണ്ടെടുത്തിട്ടുള്ളതായും ഇതില്‍ ഫോറന്‍സിക് പരിശോധന നടക്കുകയാണെന്നും സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ അറിയിച്ചിരുന്നു.