

കൊച്ചി: നടി സ്നേഹ ശ്രീകുമാറിന് എതിരെ ദേഹനിന്ദാപരമായ അധിക്ഷേപങ്ങളുമായി കഴിഞ്ഞ ദിവസമാണ് കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു നടിക്കെതിരായ അധിക്ഷേപങ്ങൾ. വീഡിയോയ്ക്ക് പിന്നാലെ രൂക്ഷവിമർശനമാണ് സത്യഭാമയ്ക്ക് നേരെ ഉയരുന്നത്. ഇപ്പോഴിതാ, വീണ്ടും സ്നേഹയെ കടന്നാക്രമിക്കുകയാണ് സത്യഭാമ. സ്നേഹയുടെ ഒരു വീഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്.
"നല്ല കുടുംബത്തിൽ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല. ഓവർ സ്മാർട്ട് കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്കണം. എന്നെ പറഞ്ഞതിനുള്ള മറുപടി മാത്രമേ ഞാൻ കൊടുത്തിട്ടുള്ളൂ," എന്നാണ് സത്യഭാമ ഫേസ്ബുക്കിൽ കുറിച്ചത്. സത്യഭാമയെ വിമർശിക്കുന്ന സ്നേഹയുടെ വീഡിയോ ആണ് ഈ കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്. സത്യഭാമയുടെ അടുത്ത് പഠിച്ച കുട്ടികൾ എത്രമാത്രം മാനസിക പീഡനം സഹിച്ചിട്ടുണ്ടാകുമെന്നാണ് താൻ ഇപ്പോൾ ആലോചിക്കുന്നത് എന്നാണ് വീഡിയോയിൽ സ്നേഹ ശ്രീകുമാർ പറയുന്നത്. ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ പരാമർശങ്ങൾ ശ്രദ്ധ നേടിയെടുക്കാൻ വേണ്ടിയാണെന്നും നടി ആരോപിക്കുന്നു. സാംസ്കാരിക കേരളത്തിന് അപമാനമായ സ്ത്രീയാണവർ എന്നും നടി വീഡിയോയിൽ പറയുന്നു.
സ്നേഹയേയും കുടുംബത്തേയും അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമ ഫേസ്ബുക്കിൽ പങ്കുവച്ചത്. "പിണ്ഡോദരി മോളെ" എന്നാണ് വീഡിയോയിൽ സ്നേഹയെ സത്യഭാമ അഭിസംബോധന ചെയ്യുന്നത്. തുടർന്നങ്ങോട്ട് നടിയുടെ ഭർത്താവും നടനുമായ ശ്രീകുമാർ കേസിൽപ്പെട്ടതുൾപ്പെടെ ചൂണ്ടിക്കാട്ടി അധിക്ഷേപ വർഷം തന്നെയാണ്. "പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയിൽ വച്ച് ഞാൻ കാണും. അന്നു നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്ക് എതിരെ നീ ഇട്ട വീഡിയോ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. തൽക്കാലം ഇത് ഇരിക്കട്ടെ," എന്നാണ് ഈ വീഡിയോ പങ്കുവച്ചുകൊണ്ട് സത്യഭാമ കുറിച്ചത്.
അതേസമയം, ഭീഷണികളിൽ പേടിക്കില്ലെന്നും നിറമോ ജാതിയോ വംശീയ അധിക്ഷേപമോ പാടില്ലെന്നാണ് തന്നെ മാതാപിതാക്കൾ പഠിപ്പിച്ചതെന്നും നടി ന്യൂസ് മലയാളത്തോട് പറഞ്ഞു. തന്നെ ആളുകൾ അറിയുന്നത് മണ്ഡോദരി എന്ന കഥാപാത്രമായാണെന്ന് അഭിമാനത്തോടെ സ്നേഹ ശ്രീകുമാർ പറഞ്ഞു. "'മറിമായം' എന്ന ഷോ 15 വർഷമായി വിജയകരമായി ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയാണ്. എന്നാൽ, അതിന് ഇത്രയും ആരാധകരുണ്ട് എന്ന് ഈ രണ്ട് ദിവസം കൊണ്ട് ഞാൻ അനുഭവിച്ചറിഞ്ഞു. സകല മലയാളികളും എനിക്ക് വേണ്ടി സംസാരിച്ചു. അതിൽ ഞാൻ സന്തോഷവതിയാണ്," സ്നേഹ കൂട്ടിച്ചേർത്തു.