
കളമശേശി ബോംബ് സ്‌ഫോടനകേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങളില്‍ അന്വേഷണം. ബോബ് ഉണ്ടാക്കിയ രീതി ഒരു വിദേശ നമ്പറിലേക്ക് അയച്ചിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങളില്‍ അന്വേഷണം നടത്തുന്നത്. അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ അനുമതി ലഭിച്ചത് കഴിഞ്ഞ ദിവസമാണ്.
അതേസമയം ഫോണ്‍ നമ്പര്‍ ആരുടേതാണെന്ന് കണ്ടെത്താനായിട്ടില്ല. ഈ നമ്പറിലേക്ക് ചിത്രങ്ങള്‍ സഹിതമുള്ള വിവരങ്ങളാണ് നല്‍കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബോംബുണ്ടാക്കുന്നതിന്റെ തലേദിവസം എടുത്ത ചിത്രങ്ങളും ദൃശ്യങ്ങളുമാണ് വിദേശ നമ്പറിലേക്ക് അയച്ചു നല്‍കിയിരിക്കുന്നത്. ആ നമ്പര്‍ ആരുടേതാണെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
2023 ഒക്ടോബര്‍ 29നാണ് മാര്‍ട്ടിന്‍ കളമശേരിയിലെ യഹോവ സാക്ഷികളുടെ പ്രാര്‍ഥനായ യോഗത്തിനിടെ സ്‌ഫോടനം നടത്തിയത്. താന്‍ ഒറ്റയ്ക്കാണ് സ്‌ഫോടനം നടത്തിയതെന്നായിരുന്നു ഡൊമിനിക് മാര്‍ട്ടിന്‍ പറഞ്ഞിരുന്നത്. പ്രതി ഈ മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ ഇത്തരത്തില്‍ സ്‌ഫോടനം നടത്താന്‍ മറ്റേതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന് പൊലീസിന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിദേശ നമ്പറില്‍ മാര്‍ട്ടിന്‍ ബന്ധപ്പെട്ടുവെന്ന വാര്‍ത്തയും പുറത്തുവന്നത്.