
അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അഡ്‌വൈസറി കമ്മിറ്റി രൂപീകരിച്ചതായി കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍. കുടുംബത്തോട് നാളെ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുമെന്നും പ്രിന്‍സിപ്പല്‍ പ്രതാപ് സോമനാഥ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
പ്രിന്‍സിപ്പല്‍, ഫോറന്‍സിക്ക് വിഭാഗം മേധാവി, അനാട്ടമി മേധാവി, സൂപ്രണ്ട്, വിദ്യാര്‍ത്ഥി പ്രതിനിധി എന്നിവരാണ് അഡ്‌വൈസറി കമ്മിറ്റിയിലെ അംഗങ്ങള്‍. മതാചാരപ്രകാരം സംസ്‌കരിക്കണോ, പഠിക്കാന്‍ കൊടുക്കണോ എന്ന് അതിന് ശേഷം തീരുമാനിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
എം.എം. ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ മൃതദേഹം ക്രിസ്ത്യന്‍ മതാചാരത്തോടുകൂടി സംസ്‌കരിക്കണം എന്ന് ആവശ്യപ്പെട്ട് മകള്‍ ആശ നല്‍കിയ ഹര്‍ജിയില്‍ നടപടി നിര്‍ത്തിവെച്ചു. മക്കളുടെ അനുമതി പരിശോധിച്ച ശേഷം മെഡിക്കല്‍ കോളേജിന് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി തീരുമാനിച്ചത്. അതുവരെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകള്‍ ആശ ശവമഞ്ചത്തെ പുണര്‍ന്ന് മൃതദേഹം കൈമാറുന്നത് വിസമ്മതിച്ചു. തടയാനെത്തിയ കൊച്ചുമകനെയും ബന്ധുക്കള്‍ ചേര്‍ന്നു പിടിച്ചുമാറ്റുകയായിരുന്നു.
എന്നാല്‍ ഇതിന് പിന്നില്‍ ബിജെപിയിലെയും ആര്‍എസ്എസിലെയും ചിലര്‍ ആണെന്നാണ് എംഎം ലോറന്‍സിന്റെ മകന്‍ എംഎല്‍ സജീവിന്റെ ആരോപണം. സഹോദരി ആശയെ ബിജെപിയിലും ആര്‍എസ്എസിലുമുള്ള ചിലര്‍ വന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും ഇതിന് പിന്നില്‍ അഡ്വ. കൃഷ്ണരാജാണ്. ആശയുടെ മകനെ മുന്‍പ് സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി ധര്‍ണ്ണയ്ക്ക് എത്തിച്ചത് പോലും എം.എം. ലോറന്‍സിനെ തകര്‍ക്കാനെന്ന ലക്ഷ്യത്തോടെയെന്നും സജീവ് ആരോപിച്ചു.