ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്ന വിഷയം; തീരുമാനം ഇന്ന്

ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്ന വിഷയം; തീരുമാനം ഇന്ന്

മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് നീങ്ങാനാണ് മകൾ ആശ ലോറൻസിൻ്റെ തീരുമാനം
Published on

മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിൻ്റെ മൃതദേഹം വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുനൽകുന്നത് സംബന്ധിച്ച് കളമശേരി മെഡിക്കൽ കോളേജ് ഇന്ന് തീരുമാനമെടുക്കും. അനാട്ടമി വിഭാഗം അധ്യാപകരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ തീരുമാനമെടുക്കുക. അതേസമയം, മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടുനൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് നീങ്ങാനാണ് മകൾ ആശ ലോറൻസിൻ്റെ തീരുമാനം.

എം.എം. ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുതെന്ന മകൾ ആശ ലോറൻസിൻ്റെ ഹർജിയിൽ, അനാട്ടമിക് ആക്റ്റ് പ്രകാരം മെഡിക്കൽ കോളേജ് തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഒപ്പം ശരീരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനും കോടതി നിർദേശിച്ചു. ഇതിന് പിന്നാലെയാണ് ലോറൻസിൻ്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിലെത്തിച്ചത്. ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മകൾ ഹൈക്കോടതിയെ സമീപിച്ചത്. സംസ്കാരത്തിന് പൊലീസ് സംരക്ഷണം വേണമെന്നും മകൾ ഹൈക്കോടതിയോട് അഭ്യർഥിച്ചിരുന്നു.

അതേസമയം. എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ടവർ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് സ്പീക്കർ എ.എൻ. ഷംസീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മകൾ ആശ ശവമഞ്ചത്തെ പുണ‍ർന്ന് മൃതദേഹം കൈമാറുന്നത് വിസമ്മതിക്കുകയും, തടയാനെത്തിയ കൊച്ചുമകനെ ബന്ധുക്കൾ ചേർന്നു പിടിച്ചുമാറ്റുകയും ചെയ്തിരുന്നു.

News Malayalam 24x7
newsmalayalam.com