
കളിയിക്കാവിള ദീപു കൊലക്കേസിൻ്റെ മുഖ്യസൂത്രധാരൻ സുനിൽ കുമാർ പൊലീസ് പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന സുനിലിനെ തിരുവനന്തപുരം പാറശാലയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സംസ്ഥാനത്തിനകത്തും പുറത്തും നടത്തിയ തെരച്ചിലിനൊടുവിലാണ് പൊലീസ് ഇന്ന് പാറശ്ശാലയിലെ ഒരു വീട്ടിൽ നിന്നും സുനിൽകുമാറിനെ കണ്ടെത്തിയത്. കേസിലെ പ്രതികളും സുനിൽ കുമാറിൻ്റെ സുഹൃത്തുക്കളുമായ അമ്പിളി എന്ന സജികുമാർ, പ്രദീപ് കുമാർ എന്നിവർ നേരത്തെ പൊലീസ് പിടിയിലായിരുന്നു.
കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി മൂന്ന് പ്രതികളെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ക്വാറി ഉടമയായ ദീപുവിൻ്റെ കൊലപാതകത്തിന് പിന്നിൽ ഇൻഷുറൻസ് തട്ടിപ്പ് ശ്രമത്തിന്റെ സാധ്യതയും പൊലീസ് തള്ളുന്നില്ല. കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് ദീപു 3.85 കോടിയുടെ ഇൻഷുറൻസ് പോളിസി എടുത്തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
രാത്രി ഭയങ്കര ശബ്ദത്തിൽ കാർ ഇരപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കാറിനുള്ളിൽ കഴുത്തറുക്കപ്പെട്ട നിലയിൽ ക്വാറി ഉടമയെ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന 10 ലക്ഷം രൂപ മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. അതില്‍ നിന്നും 7 ലക്ഷം രൂപ പ്രതിയായ അമ്പിളിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.