കളിയിക്കാവിള കൊലപാതകം: പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പ്രതിയെ ഇന്നലെ കൃത്യം നടന്ന സ്ഥലത്തും തിരുവനന്തപുരത്തെ വിവിധ ഇടങ്ങളിലും എത്തിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു
കളിയിക്കാവിള കൊലപാതകം: പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
Published on

കളിയിക്കാവിള കൊലപാതകത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സജികുമാറിൻ്റെ അറസ്റ്റ് ഇന്ന് തമിഴ്നാട് പോലീസ് രേഖപ്പെടുത്തും. പ്രതി കുറ്റം സമ്മതിച്ചെന്നും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയുമായി ഇന്നലെ കൃത്യം നടന്ന സ്ഥലത്തും തിരുവനന്തപുരത്തെ വിവിധ ഇടങ്ങളിലും പൊലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് കുഴിത്തുറ കോടതിയിൽ ഹാജരാക്കും.

അതേസമയം, കൊലപാതകത്തിനു ശേഷം കാണാതായ പണം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. 10 ലക്ഷം രൂപയിൽ ഏഴ് ലക്ഷം രൂപയാണ് കണ്ടെത്തിയത്. പണം സംബന്ധിച്ച് ഒന്നും അറിയില്ലെന്നായിരുന്നു ആദ്യം മൊഴി നൽകിയിരുന്നതെങ്കിലും പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിൽ നിന്ന് അത് കണ്ടെടുക്കുകയായിരുന്നു. ഇതിനിടെ കടം കൂടിയതിനാൽ ഇൻഷൂറൻസ് ലഭ്യമാകാൻ ദീപു തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.

മലയൻകീഴ് അണപ്പാട് മുല്ലപ്പള്ളി ഹൗസിൽ എസ്. ദീപു (46) ആണ് ചൊവ്വാഴ്ച് കളിയിക്കാവിളയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാറിനുള്ളിൽ ഉണ്ടായിരുന്ന 10 ലക്ഷം രൂപ മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു.

പടന്താലുംമൂട്ടിലെ പെട്രോൾ പമ്പിനു സമീപത്തുവെച്ചാണ് സംഭവം. തെർമോക്കോള്‍ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ലെയിഡ് വെച്ചാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. കഴുത്തിൽ മുറിവുണ്ടാക്കി മുലകിലേക്ക് വലിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.

രാത്രി ഭയങ്കര ശബ്ദത്തിൽ കാർ ഇരപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കാറിനുള്ളിൽ കഴുത്തറുക്കപ്പെട്ട നിലയിൽ ക്വാറി ഉടമയെ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കാറിൽ നിന്നും പ്രതി ഇറങ്ങിപ്പോകുന്നത് കണ്ടെത്തിയിരുന്നു. നിരവധി മോഷണക്കേസുകളിലും ക്രിമിനൽക്കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com