കളിയിക്കാവിള കൊലപാതകം; ഒന്നിലധികം പ്രതികളുണ്ടെന്ന് പൊലീസ് നിഗമനം

പല ദൂരൂഹതകളും ബാക്കിയാക്കിയാണ് ദീപു കൊലക്കേസ് അന്വേഷണം പുരോഗമിക്കുന്നത്
കളിയിക്കാവിള കൊലപാതകം; ഒന്നിലധികം പ്രതികളുണ്ടെന്ന്  പൊലീസ് നിഗമനം
Published on

കളിയിക്കാവിളയിലെ ദീപു കൊലക്കേസിൽ ഒന്നിലധികം പ്രതികളുണ്ടെന്ന നിഗമനത്തിൽ പൊലീസ്. കഴുത്തറുത്ത സർജിക്കൽ ഉപകരണം നൽകിയത് തിരുവനന്തപുരം പൂങ്കുളം സ്വദേശി സുനിൽകുമാറാണെന്നും പോലീസ് കണ്ടെത്തി. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, കാറിൽ നിന്ന് കാണാതായ 10 ലക്ഷം രൂപയിൽ ഏഴേകാൽ ലക്ഷം രൂപ പ്രതി അമ്പിളിയുടെ തിരുവനന്തപുരം മലയത്തെ വീട്ടിൽ നിന്ന് കണ്ടെടുത്തു.

പല ദൂരഹതകളും ബാക്കിയാക്കിയാണ് ദീപു കൊലക്കേസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതി അമ്പിളിയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്. ദീപുവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറാണെന്നായിരുന്നു പ്രതി അമ്പിളിയുടെ ആദ്യ മൊഴി. എന്നാൽ തിരുവനന്തപുരം പൂങ്കുളം സ്വദേശി സുനിൽ കുമാറാണ് കൊലയ്ക്ക് വേണ്ട ഉപകരണങ്ങൾ നൽകിയതെന്ന് പിന്നീട് മൊഴി മാറ്റി നൽകി. തെർമോക്കോള്‍ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ലേഡ്, ക്ലോറോഫോം, ഗ്ലൗസ് എന്നിവ അമ്പിളി നൽകിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച മൊഴി.

കാറിലുണ്ടെന്ന് സംശയിക്കുന്ന മറ്റൊരാൾ സുനിലാണോ എന്നത് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാൾക്കായി നെയ്യാറ്റിൻകര, പാറശ്ശാല ഭാഗങ്ങളിൽ  പരിശോധന ഊർജിതമാക്കി. കടം കൂടിയതിനാൽ ഇൻഷുറൻസ് ലഭ്യമാകാൻ ദീപു തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മൊഴിയുണ്ട്. ഇതിനിടെ ദീപുവിൻ്റെ കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപയിൽ ഏഴേകാൽ ലക്ഷം രൂപ അമ്പിളിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. അമ്പിളിയുടെ ഭാര്യയെ ഇന്നലെ രാത്രി ചോദ്യം ചെയ്തതോടെയാണ് പണം വീട്ടിലുണ്ടെന്ന് ഭാര്യ മൊഴി നൽകിയത്. പിന്നാലെ പുലർച്ചെയോടെ അന്വേഷണസംഘം വീട്ടിലെത്തി പണം കണ്ടെത്തുകയായിരുന്നു. പണം ഒളിപ്പിക്കാൻ സഹായിച്ചെന്ന കുറ്റം ചുമത്തി ഭാര്യയെയും പ്രതി ചേർക്കാൻ സാധ്യതയുണ്ട്. കൊലയ്ക്കുശേഷം അമ്പിളി തമിഴ്നാട്ടിലെ പന്താലുംമൂട്ടിൽ എത്തിയെന്നതിൻ്റെ തെളിവുകളും പൊലീസിന് ലഭിച്ചു.

പന്താലുംമൂട്ടിലെ മെഡിക്കൽ ഷോപ്പിലെത്തി, അവിടെയുള്ള ജീവനക്കാരിൽ ഒരാളുടെ മൊബൈൽ ഫോൺ വാങ്ങി ഭാര്യയെ വിളിച്ചെന്നാണ് അമ്പിളി മൊഴി നൽകിയത്. തുടർന്ന് ലിഫ്റ്റ് ചോദിച്ച് കളിയിക്കാവിളയിലെത്തി, അവിടെനിന്ന് ചോരപുരണ്ട വസ്ത്രം കത്തിച്ചു കളഞ്ഞു. പിന്നീട് ബസിൽ തിരുവനന്തപുരത്തെത്തിയെന്നുമാണ് മൊഴിയിൽ പറയുന്നത്. എന്നാൽ ഇതേവരെ ഒരു യാത്രയിലും കൂടെക്കൂട്ടാത്ത അമ്പിളിയെ ഇത്തവണ ദീപു കൂടെക്കൂട്ടിയത് എന്തിനാണെന്നതിൽ ദുരൂഹത തുടരുകയാണ്. പ്രതിയെ ഇന്ന് കുഴിത്തുറ  കോടതിയിൽ ഹാജരാക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com