
നവംബറിൽ നടക്കുന്ന യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായി കഴിഞ്ഞ ദിവസമാണ് കമല ഹാരിസ് ടിം വാൾസിനെ പ്രഖ്യാപിച്ചത്. തുടർന്ന്, ഫിലാഡെൽഫിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ കമല ഹാരിസും ടിം വാൾസും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തു. അമേരിക്ക അർഹിക്കുന്ന വൈസ് പ്രസിഡൻ്റാണ് എന്ന് പറഞ്ഞാണ് കമല, ടിം വാൾസിനെ റാലിയിൽ പരിചയപ്പെടുത്തിയത്. ജനങ്ങൾക്ക് തങ്ങളുടേതാണെന്ന് തോന്നുകയും, വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ടിം വാൾസ്, അത്തരത്തിലുള്ള ഒരു വൈസ് പ്രസിഡൻ്റിനെയാണ് അമേരിക്കയ്ക്ക് ആവശ്യമെന്നും കമല പറഞ്ഞു. ഇരുവരും ചേർന്നുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ഭാവിയ്ക്ക് വേണ്ടിയുള്ള പോരാട്ടം എന്നാണ് കമല വിശേഷിപ്പിച്ചത്.
"ഞങ്ങൾക്ക് ഇനി 91 ദിവസങ്ങൾ അവശേഷിക്കുന്നുണ്ട്, അത് എളുപ്പമാണ്. ഞങ്ങൾക്ക് മരിക്കുമ്പോൾ ഉറങ്ങാം," വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയിൽ ടിം വാൾസ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടി എതിർ സ്ഥാനാർഥിയായ ജെ.ഡി വാൻസുമായുള്ള സംവാദത്തിനായി താൻ കാത്തിരിക്കുന്നുവെന്നും ടിം വാൾസ് റാലിയിൽ പറഞ്ഞു. വലിയ ഹർഷാരവങ്ങളാണ് റാലിയിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികൾക്ക് ലഭിച്ചത്.
ജെ.ഡി. വാൻസിനെതിരെ ആരെയായിരിക്കും ഡെമോക്രാറ്റിക് പാർട്ടി, വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയാക്കുക എന്നതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കമല ഹാരിസ് വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായി കഴിഞ്ഞ ദിവസം മിന്നസോട്ട ഗവർണർ ടിം വാൾസിനെ പ്രഖ്യാപിച്ചത്. 2006ൽ റിപ്പബ്ലിക്കൻ അനുഭാവമുള്ള ജില്ലയിലാണ് വാൾസ് ആദ്യമായി സ്ഥാനാർഥിയായി മത്സരിച്ചത്. 2018ൽ മിനസോട്ട ഗവർണർ പദവി നേടുന്നത് വരെ അദ്ദേഹം ആ സീറ്റ് നിലനിർത്തി. രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെക്കുന്നതിന് മുൻപ് മിന്നസോട്ടയിലെ ഒരു സ്‌കൂളിൽ അധ്യാപകനായിരുന്ന ടിം വാൾസ്, 24 വർഷത്തോളം ആർമിയിലും സേവനം അനുഷ്ഠിച്ചിരുന്നു.