
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി കമല ഹാരിസ് തന്നെ. പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള പാർട്ടിയുടെ ഔദ്യോഗിക നോമിനിയാകാൻ ആവശ്യമായ പ്രതിനിധി വോട്ടുകൾ നേടിയാണ് കമല സ്ഥാനാർഥിത്വം ഉറപ്പിച്ചത്. ഈ മാസം അവസാനം നടക്കുന്ന ഷിക്കാഗോ കൺവെൻഷനിൽ പാർട്ടി കമലയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കും.
അഞ്ച് ദിവസം നീളുന്ന വെർച്വൽ വോട്ടിങ്ങിൻ്റെ രണ്ടാം ദിനം തന്നെ കമല ഭൂരിപക്ഷത്തിന് മുകളിൽ വോട്ടുകൾ നേടിയിരുന്നു. അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് നോമിനിയായതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞുകൊണ്ട് പിന്നാലെ കമലയുടെ പോസ്റ്റുമെത്തി. പ്രസിഡൻ്റ് ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ കമലാ ഹാരിസിന് പാർട്ടിയുടെ പൂർണ നിയന്ത്രണം ലഭിച്ചിരുന്നു.
ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിലേക്കുള്ള പ്രതിനിധികൾ സെക്യുർഡ് ഇമെയിൽ വഴിയാണ് വ്യാഴാഴ്ച മുതൽ വോട്ടിംഗ് ആരംഭിച്ചത്. തിങ്കളാഴ്ച വൈകുന്നേരം വരെ പാർട്ടി പ്രതിനിധികൾക്ക് വോട്ട് ചെയ്യാം. ഡെമോക്രാറ്റിക് പാർട്ടി നോമിനേഷൻ ഉറപ്പാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയാണ് കമല ഹാരിസ്. നോമിനേഷൻ പദവിയിലേക്ക് കമലക്ക് വെല്ലുവിളിയായി മറ്റു സ്ഥാനാർഥികളെത്താഞ്ഞതോടെ കമലക്ക് സ്ഥാനാർഥിത്വം എളുപ്പത്തിൽ ഉറപ്പിക്കാനായി.
വൈസ് പ്രസിഡൻ്റ് കമല ഹാരിസ് ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് ഫണ്ട് റെക്കോർഡുകൾ തകർത്തുകഴിഞ്ഞു. ട്രംപിൻ്റെ പോളിങ്ങ് ലീഡുകൾ ഇല്ലാതാക്കാനും കമലയ്ക്ക് കഴിഞ്ഞു. വൈറ്റ് ഹൗസിലെത്താൻ കമലയ്ക്ക് കഴിയുമെന്നാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതീക്ഷ. ഈ മാസം അവസാനം ഷിക്കാഗോയിൽ നടക്കുന്ന കൺവെൻഷനിൽ കമല ഹാരിസിൻ്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടക്കുമെന്നും അവിടെ പാർട്ടിയുടെ ശക്തി തെളിയിക്കുമെന്നും ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർമാൻ ജെയിം ഹാരിസൺ പറഞ്ഞു.