'കരാറിന്റെ നഗ്നമായ ലംഘനം'; കങ്കണയുടെ എമര്‍ജന്‍സിക്ക് എഴുത്തുകാരിയുടെ നോട്ടീസ്

കരാര്‍ ഒപ്പിടുന്ന സമയത്ത് തന്റെ പുസ്തകത്തിലെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുറിച്ചുള്ള ഒരു പ്രത്യേക അധ്യായം മാത്രമെ സിനിമയില്‍ പരാമര്‍ശിക്കുകയുള്ളു എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സിനിമയുടെ പേര് തന്റെ പുസ്തകത്തിനോട് വളരെ അധികം സാമ്യമുണ്ടെന്ന് മനസിലാക്കിയപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും കപൂര്‍ വെളിപ്പെടുത്തി
'കരാറിന്റെ നഗ്നമായ ലംഘനം'; കങ്കണയുടെ എമര്‍ജന്‍സിക്ക് എഴുത്തുകാരിയുടെ നോട്ടീസ്
Published on



നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ എമര്‍ജന്‍സി എന്ന ചിത്രം വീണ്ടും നിയമക്കുരുക്കില്‍. കങ്കണയുടെ നിര്‍മാണ കമ്പനിയായ മണികര്‍ണിക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിനും ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിനും എഴുത്തുകാരിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ കൂമി കപൂറാണ് വക്കീല്‍ നോട്ടീസ് അയച്ചത്. കങ്കണയുടെ നിര്‍മാണ കമ്പനി തന്റെ കരാര്‍ നഗ്നമായി ലംഘിച്ചുവെന്നാണ് കൂമി കപൂറിന്റെ ആരോപണം. തന്റെ 'ദ എമര്‍ജന്‍സി : എ പേഴ്‌സണല്‍ ഹിസ്റ്ററി' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മിച്ചതെന്ന് അവകാശപ്പെട്ടുകൊണ്ട് നിര്‍മാതാക്കള്‍ തന്റെ പേര് ചൂഷണം ചെയ്തുവെന്നും കൂമി കപൂര്‍ ആരോപിച്ചു.

"എന്റെ മകള്‍ ഒരു അഭിഭാഷകയാണ്. അതിനാല്‍ അളുടെ ഉപദേശ പ്രകാരം ഞാന്‍ കരാറില്‍ രണ്ട് നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിരുന്നു. സിനിമ നിര്‍മിക്കാന്‍ നിര്‍മാതാക്കള്‍ക്ക് പൂര്‍ണ്ണമായ സ്വാതന്ത്ര്യമുണ്ടെങ്കിലും ചരിത്രപരമായ വസ്തുതകള്‍ക്ക് വിരുദ്ധമായ തരത്തില്‍ സിനിമയില്‍ ഒന്നും മാറ്റാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടിരുന്നു", എന്നാണ് കൂമി കപൂര്‍ പറഞ്ഞത്.

"അതുപോലെ തന്നെ അനുമതിയില്ലാതെ രചയിതാവിന്റെ പേരും പുസ്തകവും സിനിമയുടെ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കരാറില്‍ പറഞ്ഞിരുന്നു. ഞാന്‍ ആ സമയത്ത് ഗോവയില്‍ ആയിരുന്നു. അതുകൊണ്ട് ഞാന്‍ സിനിമ കണ്ടിരുന്നില്ല. അവര്‍ കരാറിനെ മാനിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ സിനിമ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് അവര്‍ ഇപ്പോഴും അവകാശപ്പെടുന്നത്. വക്കീല്‍ നോട്ടീസ് രണ്ടെണ്ണം അയച്ചിട്ടും കങ്കണയോ അവരുടെ നിര്‍മാണ കമ്പനിയോ ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല", കപൂര്‍ കൂട്ടിച്ചേര്‍ത്തു.

കരാര്‍ ഒപ്പിടുന്ന സമയത്ത് തന്റെ പുസ്തകത്തിലെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുറിച്ചുള്ള ഒരു പ്രത്യേക അധ്യായം മാത്രമെ സിനിമയില്‍ പരാമര്‍ശിക്കുകയുള്ളു എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സിനിമയുടെ പേര് തന്റെ പുസ്തകത്തിനോട് വളരെ അധികം സാമ്യമുണ്ടെന്ന് മനസിലാക്കിയപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും കപൂര്‍ വെളിപ്പെടുത്തി. അതുകൂടാതെ കങ്കണയുടെ എമര്‍ജന്‍സിയില്‍ ചരിത്രപരമായ നിരവധി കാര്യങ്ങള്‍ക്ക് കൃത്യതയില്ലെന്നും രചയിതാവ് ചൂണ്ടിക്കാട്ടി.

നിര്‍മാതാക്കളുടെ അശ്രദ്ധയും നിയമവിരുദ്ധ പെരുമാറ്റവും കാരണം തനിക്ക് ഉണ്ടായ ഗുരുതരമായ മാനഹാനി സാമ്പത്തിക നാശനഷ്ടങ്ങള്‍ എന്നിവയ്ക്ക് ഉടനടി നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി 7നാണ് എമര്‍ജന്‍സി വിവാദങ്ങള്‍ക്കൊടുവില്‍ തിയേറ്ററിലെത്തിയത്. കങ്കണ റണാവത്ത് തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രവും സംവിധായികയും. അനുപം ഖേര്‍, ശ്രേയസ് തല്‍പാണ്ഡേ, മഹിമ ചൗധരി, മിലിന്ദ് സോമന്‍, വിശാഖ് നായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com