Kanguva Review | സൂര്യ അലറലോടലറല്‍ ! കരകയറാതെ കങ്കുവ

കഥയിലും അവതരണത്തിലും യാതൊരു പുതുമയും നല്‍കാതെ കടന്നുപോകുന്ന രണ്ടര മണിക്കൂര്‍ കാഴ്ചയില്‍ ഓര്‍ത്തിരിക്കാന്‍ പോന്ന ഒരു സീന്‍ പോലും പ്രേക്ഷകന് ചിത്രം സമ്മാനിക്കുന്നില്ല എന്നത് അങ്ങേയറ്റം നിരാശാജനകമാണ്
Kanguva Review | സൂര്യ അലറലോടലറല്‍ ! കരകയറാതെ കങ്കുവ
Published on

350 കോടി മുടക്കി സൂര്യയെ നായകനാക്കി ശിവ അണിയിച്ചൊരുക്കിയ കങ്കുവ... ഒരു തമിഴ് സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ നേടുമെന്ന് ആരാധകർ വിധിയെഴുതിയ സിനിമ. സൂര്യയുടെ കരിയർ ബെസ്റ്റ് ആകുമെന്ന് ഏവരും പ്രതീക്ഷിച്ച ചിത്രം. ഈ അടുത്ത കാലത്ത് വന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും ഹൈപ്പ്ഡ് ആയ ചിത്രം. പക്ഷെ എന്തായി..? ഇതിലും വലുത് എന്തോ വരാനിരുന്നതാണ് എന്ന് പോലും പറയാൻ നമ്മളെ സമ്മതിക്കാതെ, പറഞ്ഞ ഹൈപ്പിന് തെല്ലുപോലും നീതി പുലർത്താതെ, എന്തൊക്കെയോ വലിച്ചുവാരി ഇട്ടിരിക്കുന്നത് പോലുള്ള ഒരു 'നിലവിളി പടം'.

വൈക്കിങ്സും ബാഹുബലിയും സമാസമം അരച്ച്... ഏഴാം അറിവിലും സ്ട്രെയ്ഞ്ചര്‍ തിങ്സിലും ചാലിച്ച് ശിവ പാസത്തിൽ കുറുക്കിയെടുത്ത ഒരു രസായനമാണ് കങ്കുവ. കഥയിലും അവതരണത്തിലും യാതൊരു പുതുമയും നല്‍കാതെ കടന്നുപോകുന്ന രണ്ടര മണിക്കൂര്‍ കാഴ്ചയില്‍ ഓര്‍ത്തിരിക്കാന്‍ പോന്ന ഒരു സീന്‍ പോലും പ്രേക്ഷകന് ചിത്രം സമ്മാനിക്കുന്നില്ല എന്നത് അങ്ങേയറ്റം നിരാശാജനകമാണ്. 1070, 2024 കാലഘട്ടങ്ങളിലൂടെയാണ് കങ്കുവ കഥപറയുന്നത്. കെട്ടുറപ്പില്ലാത്ത തിരക്കഥയുടെ പോരായ്മ അവതരണത്തില്‍ ഉടനീളം പ്രകടമാണ്.

സൂര്യയുടെ കങ്കുവ, ഫ്രാന്‍സിസ് എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ മുന്നോട്ടുള്ള പോക്ക്. പാസ്റ്റും പ്രസന്‍റും മാറിമാറി വരുന്ന നോൺ ലീനിയർ ട്രീറ്റ്‌മെന്‍റ് പ്രേക്ഷകന് കനത്ത ആശയക്കുഴപ്പമാണ് നല്‍കുന്നത്. രണ്ട് കഥാപാത്രങ്ങളും ലുക്ക് കൊണ്ട് വ്യത്യസ്തമാക്കാന്‍ സൂര്യ ശ്രമിച്ചിട്ടുണ്ടെങ്കിലും, പ്രേക്ഷകന് കണ്‍വീന്‍സാകും വിധത്തില്‍ രണ്ട് റോളുകളും കമ്മ്യൂണിക്കേറ്റ് ചെയ്യിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടെന്ന് പറയാതെ വയ്യ.

ഇടയ്ക്കിടെ വന്നുപോകുന്നതല്ലാതെ ഒരു തരത്തിലുള്ള ഇംപാക്ടും മറ്റു കഥാപാത്രങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്നില്ല. ബോബി ഡിയോളിന്‍റെ വില്ലന്‍ കഥാപാത്രത്തിന്‍റെ കാര്യവും വ്യത്യസ്തമല്ല. നായകന്‍ രണ്ട് തവണ അലറിയാല്‍ വില്ലന്‍ നാല് തവണ അലറും. രണ്ട് കമ്മ്യൂണിറ്റികള്‍ക്കിടയില്‍ നടക്കുന്ന കുടിപ്പകയുടെ പശ്ചാത്തലത്തില്‍ മുന്‍പ് വന്നിട്ടുള്ള സിനിമകളുടെ ആവര്‍ത്തനം തന്നെയാണ് കങ്കുവയിലുമുള്ളത്. ഫൈറ്റ് സീനുകളിലും ഈ ആവര്‍ത്തന വിരസത അനുഭവപ്പെടുന്നുണ്ട്.

ക്ലീഷെ പ്ലോട്ടാണെന്നത് ഒരു വശത്ത്. പല മാസ് മസാല സിനിമകളും ക്ലീഷേ പ്ലോട്ടിന്റെ അകമ്പടിയോടെ തന്നെയാണ് വരാറ്. പക്ഷെ, അതിന്റെ മേക്കിങ് സ്റ്റൈൽ കൊണ്ട് സിനിമ പ്രേക്ഷകനെ എൻ​ഗേജ് ചെയ്യിക്കും. കേന്ദ്ര കഥാപാത്രത്തോട് പ്രേക്ഷകന് തോന്നുന്ന ഒരു എംപതിയാണ് ആ എൻ​ഗേജ്മെന്റിന് കാരണം. നിരാശാജനകമെന്ന് പറയട്ടെ, ആ കണക്ഷൻ തുടക്കത്തിലേ സിനിമയിൽ മിസ് ആയി. സൂര്യയോട് കട്ടക്ക് പിടിച്ച് നിന്ന് ദിഷ പഠാനിയും യോ​ഗി ബാബുവും ആവശ്യത്തിലധികം വെറുപ്പിച്ചിട്ടുണ്ട്.

പാസ്റ്റിലേക്ക് വരുമ്പോൾ പലതരം അലർച്ചകളല്ലാതെ ഒന്നും മനസിലേക്ക് വരുന്നില്ലെന്നതാണ് സത്യം. ബ്രഹ്മാണ്ഡം പടച്ചുവിടാൻ വലിയ ക്രൗഡ് സീനുകളും സാങ്കേതിക വിദ്യകളുമെല്ലാം ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഒടുക്കം ഇതെല്ലാം എന്തിനായിരുന്നുവെന്ന് കാഴ്ചക്കാരന് തോന്നിപ്പോകും. അങ്ങനെ തോന്നിക്കുന്ന നിരവധി ചോദ്യങ്ങൾ സിനിമയിലുണ്ട്.പാസമില്ലാതെ ശിവയില്ല, ശിവയില്ലാതെ തമിഴ് സിനിമാ ഉലകത്തിൽ പാസമേയില്ല എന്നൊരു ചൊല്ലുണ്ട്. അത് അന്വർത്ഥമാക്കും വിധം ഇതിലുമുണ്ട് ഒരു പാസം സ്റ്റോറി. പക്ഷെ, അത് എന്തിനായിരുന്നു എന്നത് ശിവ അണ്ണന് മാത്രം അറിയുന്ന രഹസ്യമാണ്. 2D പോലും ആർഭാടമായ ഒരു കഥയ്ക്ക് 3D ഫോര്‍മാറ്റ് എന്തിനായുന്നു. ഇത്രയും ലാ​ഗ് ഉള്ള ഒരു ഫസ്റ്റ് പാർട്ടിന് സ്റ്റാർ കാസ്റ്റുള്ളത് കൊണ്ട് മാത്രം ഒരു സെക്കൻഡ് പാർട്ട് ആവശ്യമാണോ..? സ്ഥിരം ശിവാ സിനിമകൾ പോലെ തന്നെ ആർഭാടവും ബോറടിയും ഒന്നിച്ച് കൊണ്ടുവന്ന് നമ്മെ ഞെട്ടിക്കുന്ന ഒരു ബിലോ ആവറേജ് വർക്ക്... ഇനി ഇതിന് അതിഭീകര കളക്ഷൻ റെക്കോർഡുകൾ ലഭിക്കുകയാണെങ്കിൽ, അതിന് കമ്പനി ഉത്തരവാദിയല്ല...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com