
കാസർഗോഡ് കാഞ്ഞങ്ങാട് നഗരസഭയിൽ 37 വർഷമായി ഓഡിറ്റ് റിപ്പോർട്ടുകൾ തീർപ്പാക്കുന്നില്ലെന്ന് റിപ്പോർട്ട്. 1985 മുതലുള്ള ഒരു ഓഡിറ്റ് റിപ്പോർട്ടും തീർപ്പാക്കിയിട്ടില്ലെന്നാണ് സംസ്ഥാന ഓഡിറ്റ് വകുപ്പിൻ്റെ കണ്ടെത്തൽ. ഓരോ മാസത്തെ വരവ്, ചെലവു കണക്കുകൾ പോലും അംഗീകരിക്കപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എല്ലാ വർഷവും കാഞ്ഞങ്ങാട് നഗരസഭയിൽ ഓഡിറ്റ് നടക്കുന്നുണ്ടെങ്കിലും അത് തീർപ്പാക്കപ്പെടുന്നില്ല. 1985 മുതൽ 2022 വരെയുള്ള റിപ്പോർട്ടുകൾ തീർപ്പാക്കാനുണ്ടെന്നാണ് സംസ്ഥാന ഓഡിറ്റ് വകുപ്പിൻ്റെ കണ്ടെത്തൽ. ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചാൽ അതിന്മേൽ നഗരസഭാ സെക്രട്ടറിയുടെ കുറിപ്പുകൂടി ചേർത്ത് പ്രത്യേകം ചേരുന്ന കൗൺസിൽ യോഗത്തിൽ പരിഗണനയ്ക്കായി വെക്കണമെന്നാണ് ചട്ടം. എന്നാൽ കഴിഞ്ഞ 37 വർഷമായി ഇതുണ്ടാകുന്നില്ല. മറുപടി നൽകി റിപ്പോർട്ട് തീർപ്പാക്കുന്ന കാര്യത്തിലോ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കി നടപടിയെടുക്കുന്നതിലോ ഭരണ സമിതി താല്‍പര്യം കാണിക്കുന്നില്ലെന്നാണ് പുതിയ ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ഓരോ മാസത്തെ വരവ്, ചെലവ് കണക്കുകൾ അടുത്ത മാസം 10ന് മുൻപ് ധനകാര്യ സ്ഥിര സമിതി അംഗീകരിക്കണമെന്നാണ് നിയമം. എന്നാൽ കാഞ്ഞങ്ങാട് നഗരസഭയിൽ മാസാവസാനമോ പിന്നീടുള്ള മാസങ്ങളിലോ ആണ് കണക്ക് അവതരിപ്പിക്കുന്നത്. എല്ലാ മാസവും ജീവനക്കാരുടെ യോഗം ചേരണമെന്ന നിർദേശമുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ലെന്നും യോഗത്തിൽ ഒരാൾ മാത്രമാണ് പങ്കെടുക്കുന്നതെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.