
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ സാമുഹ്യമാധ്യങ്ങളില്‍ കടുത്ത വിമര്‍ശനം. 'ക്ഷണിക്കാത്ത യോഗത്തില്‍ വലിഞ്ഞുകയറിച്ചെന്നാണ് എഡിഎമ്മിനെതിരെ ദുരാരോപണം ഉന്നയിച്ച് അപമാനിച്ചത്. അവസാനനിമിഷം അപമാനിച്ച് അയയ്ക്കാനുള്ള ബോധപൂര്‍വം കരുതിക്കൂട്ടിയുള്ളതുമായ ശ്രമം. അതില്‍ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തത്' -എന്നൊരാള്‍ ദിവ്യയുടെ ഫേസ്ബുക്കില്‍ പ്രതികരിച്ചു.'അഴിമതി ആരോപണം ഉണ്ടെങ്കിൽ തന്നെ അത് അന്വേഷിക്കാനും പരാതി നല്‍കാനും ഇവിടെ വ്യവസ്ഥാപിത സംവിധാനം ഉണ്ടെന്നിരിക്കെ മാധ്യമങ്ങളെ വിളിച്ചുവരുത്തി എഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളി വിടുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ'യെന്നും ആരോപണം ശക്തമാണ്. നവീന്‍ ബാബു പത്തനംതിട്ടയിലേക്ക് സ്ഥലംമാറിയതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് ആരോപണം. പിന്നാലെയാണ്, ദിവ്യക്കെതിരെ സാമുഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
'സർക്കാർ സർവീസ് ആണ്. എപ്പോഴും എന്തും സംഭവിക്കാം എന്ന പരസ്യമായ ഭീഷണിയാണ് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ദിവ്യ ഉന്നയിച്ചത്. പി.പി ദിവ്യയെ ആത്മഹത്യാ പ്രേരണ കുറ്റത്തിനു അറസ്റ്റ് ചെയ്യണം' എന്നും ആവശ്യമുയരുന്നുണ്ട്. 'എഡിഎം എന്തെങ്കിലും തെറ്റ് ചെയ്താൽ ജില്ല പഞ്ചായത്ത് പ്രസിഡന്റിന് ചെയ്യാൻ കഴിയുന്ന നിയമപരമായ കാര്യങ്ങളുണ്ട്. അപ്പോൾ തന്നെ കലക്ടറെ വിളിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിയുന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ് അതൊന്നും ചെയ്യാതെ നടത്തിയ നാടകം ഒരു മനുഷ്യനെ കൊന്നിരിക്കുന്നു. ഈ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മറുപടി പറഞ്ഞേ തീരൂ' എന്നൊരാള്‍ എഴുതുന്നു. 'നിങ്ങൾക്ക് ഇപ്പൊ സമാധാനം ആയല്ലോ അല്ലെ?? നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് ഒഫീഷ്യൽ ആയി അധികാരികളെ അറിയിക്കണമായിരുന്നു, അല്ലാതെ ഒരു മനുഷ്യനെ അയാളുടെ യാത്രയയപ്പ് ചടങ്ങിന് വന്ന് അവഹേളിക്കുക അല്ല ചെയ്യേണ്ടതെന്നും' ദിവ്യയുടെ ഫേസ്ബുക്കില്‍ കമന്റുണ്ട്.
അതേസമയം, നവീന്‍ ബാബു കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ, ദിവ്യയെ അനുകൂലിച്ചും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. 'അഴിമതി പിടിക്കും എന്നായപ്പോൾ ആത്മഹത്യ ചെയ്തു, അന്ന് സാജനു വേണ്ടി കണ്ണീരൊഴുക്കിയ അതെ ആൾക്കാർ ഇന്ന് ദിവ്യയെ തെറി വിളിക്കുന്നു. എന്തു വിരോധാഭാസം', 'കൈക്കൂലി കിട്ടിയാൽ മാത്രമേ ഫയലുകൾ മുന്നോട്ടു നീക്കൂ എന്ന നിർബന്ധമുള്ള ഒരു കാട്ടു കള്ളനെ പൊതുവേദിയിൽ വെച്ച് നേരിട്ടത് എങ്ങനെയാണ് കുറ്റമാവുന്നത്? മരണം ആരെയും വിശുദ്ധനാക്കുന്നില്ല. അയാൾ വൈകിപ്പിച്ചത് കൊണ്ട് ജീവിതം വഴിമുട്ടിപ്പോയ സാധാരണക്കാർക്കും കുടുംബമൊക്കെ ഉണ്ടായിരുന്നു. കുറ്റബോധമുള്ളത് കൊണ്ടാണല്ലോ സ്വയം മരിച്ചത്, അവസാന സമയത്തെങ്കിലും അതുണ്ടായി എന്നതിൽ മാത്രമേ സന്തോഷിക്കേണ്ടതുള്ളൂ' എന്നിങ്ങനെയും പ്രതികരണങ്ങളുണ്ട്. എന്നാല്‍, അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അതിനെതിരെ പ്രതികരിക്കാനും നവീന്‍ ബാബുവിനെതിരെ നിയമപരമായ നടപടി സ്വീകരിക്കാനും ജില്ല പഞ്ചായത്ത് പ്രസിഡന്റിന് മറ്റു വഴികളുണ്ടായിരുന്നുവെന്നാണ് ഇതിനെല്ലാം സാമുഹ്യമാധ്യമത്തില്‍ ഉയര്‍ന്നിരിക്കുന്ന മറുപടി. സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തെ പൊലീസിനെയും വിജിലന്‍സിനെയും ദിവ്യക്ക് വിശ്വാസമില്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ എന്ത് നടപടിയാണ് ഉണ്ടായതെന്നും ചോദ്യമുയരുന്നുണ്ട്.
'ജില്ലയിലെ രണ്ടാമത്തെ മുതിർന്ന ഉദ്യോഗസ്ഥനാണ് എഡിഎം. ഒരു യാത്രയയപ്പ് ചടങ്ങിൽ അനുമതി കൂടാതെ കടന്നുചെന്ന് ഒരു ഉദ്യോഗസ്ഥനെ കളക്ടർ, മാധ്യമങ്ങൾ, സഹപ്രവർത്തകർ അടക്കം ഉള്ളവരുടെ സാന്നിധ്യത്തിൽ പരസ്യമായി അഴിമതിക്കാരനാണെന്ന് ഉന്നയിക്കുവാൻ ജില്ല പഞ്ചായത്ത് പ്രസിഡന്റിന് എന്ത് അധികാരമാണ് ഉള്ളത്. അതോ സിപിഐഎം ഭരണം ആയതുകൊണ്ട് എന്തും, ആരോടും ചെയ്യാം എന്ന ധിക്കാരത്തിന്റെ പുറത്താണോ ഈ ചെയ്തികൾ നടത്തിയത്. ആ ഉദ്യോഗസ്ഥനെതിരെ ആക്ഷേപം ഉണ്ടെങ്കിൽ നിയമപരമായി ഉയർന്ന ഉദ്യോഗസ്ഥരുടെ മുമ്പിൽ അത് ബോധിപ്പിച്ച് നടപടി എടുക്കേണ്ട ഉത്തരവാദിത്വം കാണിക്കാതെ മറ്റ് എന്തിന്റെയോ പേരിൽ പരസ്യമായി അദ്ദേഹത്തെ അധിക്ഷേപിച്ചത് തികച്ചും കുറ്റകരം തന്നെയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണം' -എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍.
കണ്ണൂരില്‍നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റമായതിനെ തുടര്‍ന്നാണ് ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവീന്‍ ബാബുവിന് യാത്രയയപ്പ് സംഘടിപ്പിച്ചത്. യോഗത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ ജില്ല കളക്ടര്‍ ഉള്‍പ്പെടെ സാന്നിധ്യത്തിലാണ് നവീന്‍ ബാബുവിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. "കയ്യിലുള്ള ഫയല്‍ ഒരു മനുഷ്യന്റെ ജീവിതമാണെന്ന് എത്ര പേര്‍ക്ക് തോന്നിയിട്ടുണ്ട്. അവര്‍ പലതവണ ഓഫീസില്‍ കയറിയിറങ്ങി വന്നുപോകുമ്പോള്‍ അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്ന് ഒരുതവണയെങ്കിലും എല്ലാ ഉദ്യോഗസ്ഥരും ഓര്‍ക്കണം. എഡിഎമ്മിന് എല്ലാ ആശംസകളും നേരുന്നു. മുമ്പുണ്ടായിരുന്ന എഡിഎമ്മുമായി നിരവധി തവണ വിളിക്കുകയും പറയുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇദ്ദേഹം വന്നതിനുശേഷം അങ്ങനെയുള്ള സാഹചര്യങ്ങമൊന്നും ഉണ്ടായിട്ടില്ല. പക്ഷെ, ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ടാണ് വിളിച്ചത്. ആ സൈറ്റ് ഒന്നു പോയി നോക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിളിച്ചത്. പിന്നെയും പലതവണ അതിനായി വിളിക്കേണ്ടി വന്നു. പിന്നീട് സൈറ്റ് പോയി നോക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, തീരുമാനമൊന്നും ആയില്ലല്ലോയെന്ന് പറഞ്ഞ് ആ സംരംഭകന്‍ പലതവണ എന്റെ ഓഫീസില്‍ വന്നു. ഇത് അന്വേഷിച്ച് ഞാന്‍ എഡിഎമ്മിനെ വിളിച്ചു. എന്തെങ്കിലും നടക്കുമോ എന്ന് ചോദിച്ചു. എന്നാല്‍ അതില്‍ ചെറിയ പ്രശ്‌നമുണ്ട്, അല്പം വളവും തിരിവുമെല്ലാം ഉള്ളതുകൊണ്ട് എന്‍ഒസി കൊടുക്കാന്‍ പ്രയാസമാണെന്നും എഡിഎം പറഞ്ഞത്". ദിവ്യ പറഞ്ഞു.
"ഇത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യമാണ്. ഇപ്പോള്‍ ഇദ്ദേഹം പോകുന്നതുകൊണ്ട് ആ സംരംഭകന് എന്‍ഒസി കിട്ടിയെന്ന് അറിഞ്ഞു. ആ എന്‍ഒസി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം. അതിന് ഇദ്ദേഹത്തിനോട് നന്ദി പറയാനാണ് കഷ്ടപ്പെട്ട് വന്ന് പരിപാടിയില്‍ പങ്കെടുത്തത്. ഞാനദ്ദേഹത്തിനോട് ഒരു നന്ദി പറയുകയാണ്. ഞാനൊരു ആവശ്യം ഉന്നയിച്ചപ്പോള്‍ കുറച്ചു മാസങ്ങള്‍ കഴിഞ്ഞാണെങ്കിലും അത് നടത്തിക്കൊടുത്തു. കണ്ണൂരില്‍ നടത്തിയതു പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കരുത് പോകുന്ന സ്ഥലത്ത് നടത്തേണ്ടത്. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. കാരണം നമ്മുടെയെല്ലാം ചുറ്റും ആളുകളുണ്ട്. വളരെ കെയര്‍ ചെയ്യണം. സര്‍ക്കാര്‍ സര്‍വീസാണ്. ഒരു നിമിഷം മതി എന്തെങ്കിലുമൊക്കെ സംഭവിക്കാന്‍. ആ നിമിഷത്തെക്കുറിച്ച് ഓര്‍ത്തു മാത്രമായിരിക്കണം നമ്മളെല്ലാം കയ്യി ല്‍പേന പിടിക്കേണ്ടത് എന്നുമാത്രമാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്. രണ്ട് ദിവസം കാത്തിരിക്കണം. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഞാന്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുകയാണ്. അതിന് പ്രത്യേക കാരണമുണ്ട്. അത് രണ്ടു ദിവസം കൊണ്ട് നിങ്ങള്‍ എല്ലാവരും അറിയും" എന്നിങ്ങനെയായിരുന്നു ദിവ്യയുടെ വാക്കുകള്‍.