
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കോളയാട് സ്വദേശി കരുണാകരന്‍ (86) ആണ് കൊല്ലപ്പെട്ടത്. സഹതടവുകാരന്‍ വേലായുധന്‍ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു കരുണാകരന്‍ കൊല്ലപ്പെട്ടത്. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ജയിലിലെ പത്താം ബ്ലോക്കിലെ ജീവപര്യന്തം തടവുകരനായിരുന്നു കരുണാകരന്‍. ഈ ബ്ലോക്കില്‍ കരുണാകരന്റെ കൂടെ വേലായുധന്‍ മാത്രമാണുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി കരുണാകരനെ ശുചിമുറിയില്‍ പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.