കണ്ണൂരില്‍ പകുതിവില തട്ടിപ്പിന് ഇരയായവരെ കൈവിട്ട് പ്രൊമോട്ടര്‍മാര്‍; പണം തിരികെ ചോദിച്ചവരോട് തന്നിട്ടില്ലല്ലോ എന്ന് മറുപടി

അനന്തു കൃഷ്ണന്റെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത് എന്ന് സമ്മതിക്കുമ്പോഴും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ചതിയില്‍ പെടുത്തിയ പ്രൊമോട്ടര്‍മാരെയും കോഡിനേറ്റര്‍മാരെയും പ്രതി ചേര്‍ക്കണം എന്നാണ് ആവശ്യം.
കണ്ണൂരില്‍ പകുതിവില തട്ടിപ്പിന് ഇരയായവരെ കൈവിട്ട് പ്രൊമോട്ടര്‍മാര്‍; പണം തിരികെ ചോദിച്ചവരോട് തന്നിട്ടില്ലല്ലോ എന്ന് മറുപടി
Published on


കണ്ണൂരില്‍ പകുതിവില തട്ടിപ്പിന് ഇരയായവരെ കൈവിട്ട് പ്രൊമോട്ടര്‍മാര്‍. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ പണം ചോദിച്ചവരോട് നിങ്ങള്‍ ഞങ്ങള്‍ക്ക് പണം തന്നിട്ടില്ലല്ലോ എന്നാണ് പ്രൊമോട്ടര്‍മാരുടെ ഇപ്പോഴത്തെ മറുപടി. പ്രൊമോട്ടര്‍മാര്‍ക്കെതിരെയും കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പരാതിക്കാര്‍.

ഫണ്ട് തട്ടിപ്പിലൂടെ അപഹരിച്ച പണം ഏതുവിധേനയും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കണ്ണൂരില്‍ തട്ടിപ്പിനിരയായ സ്ത്രീകള്‍. പൊലീസില്‍ പരാതികള്‍ നല്‍കുന്നതിനൊപ്പം പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാനം. അനന്തു കൃഷ്ണന്റെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത് എന്ന് സമ്മതിക്കുമ്പോഴും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ചതിയില്‍ പെടുത്തിയ പ്രൊമോട്ടര്‍മാരെയും കോഡിനേറ്റര്‍മാരെയും പ്രതി ചേര്‍ക്കണം എന്നാണ് ആവശ്യം.

അതിനിടെ പണം തിരികെ നല്‍കി പ്രതിഷേധം അവസാനിപ്പിക്കാനുള്ള ശ്രമം ചുരുക്കം ചില പ്രൊമോട്ടര്‍മാര്‍ നടത്തുന്നുണ്ട്. എന്നാല്‍ പണം നല്‍കിയ ആളുകളുടെ എണ്ണം കൂടുതലായതിനാല്‍ ഇത് ഫലപ്രദമാകുന്നില്ല. ഒരൊറ്റ പരാതിയായി നല്‍കാനാണ് പൊലീസ് പലയിടത്തും നിര്‍ദേശിക്കുന്നത്. എന്നാല്‍ നിയമപരമായി ആ പരാതികള്‍ നിലനില്‍ക്കുമോ എന്ന ആശങ്കയുമുണ്ട്. സ്‌കൂട്ടര്‍, ലാപ്‌ടോപ്, ഗൃഹോപകരണങ്ങള്‍ തുടങ്ങി വ്യത്യസ്ത ഇനങ്ങള്‍ക്ക് വെവ്വേറെ പ്രോമോട്ടര്‍മാര്‍ വഴിയാണ് ആളുകള്‍ അപേക്ഷ നല്‍കിയത്.

ഇത് ഒറ്റക്കേസായി രജിസ്റ്റര്‍ ചെയ്താല്‍ കോടതിയില്‍ നിലനില്‍ക്കുമോ എന്ന ആശങ്കയും പരാതിക്കാര്‍ക്കുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തട്ടിപ്പിനിരയായവര്‍ക്ക് വേണ്ടി അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ഹെല്‍പ് ഡസ്‌ക് സംഘടിപ്പിച്ചു. അതേസമയം തട്ടിപ്പ് നടത്തിയത് ആരായാലും നടപടി വേണമെന്ന് ആവശ്യപ്പെട്ട സിപിഎം, രാഷ്ട്രീയം വളര്‍ത്താന്‍ ബിജെപി ഈ തട്ടിപ്പിനെ ഉപയോഗിച്ചെന്ന് ആരോപിച്ചു.

ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇപ്പോഴും പരാതികള്‍ എത്തുന്നുണ്ട്. 3000 ലേറെ പരാതികള്‍ നിലവില്‍ ലഭിച്ചു കഴിഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com