
കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ഇല്ലാതെ പരീക്ഷ മുടങ്ങി. ചോദ്യപ്പേപ്പർ എത്താതെ വന്നതോടെയാണ് ഏഴ് വിഷയങ്ങളിലെ പരീക്ഷകൾ മുടങ്ങിയത്. രണ്ടാം സെമസ്റ്റർ മൾട്ടി ഡിസിപ്ലിൻ കോഴ്സുകളിലെ ഇന്ന് നടക്കാനിരുന്ന പരീക്ഷകൾ ആണ് മുടങ്ങിയത്. ഇതോടെ പരീക്ഷ എഴുതാനാകാതെ വിദ്യാർഥികൾ കുടുങ്ങി. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ചോദ്യപ്പേപ്പർ വൈകിയത് എന്നാണ് സർവകലാശാലയുടെ വിശദീകരണം. മുടങ്ങിയ പരീക്ഷകൾ മെയ് അഞ്ചാം തിയതിയിലേക്ക് മാറ്റിയതായും സർവകലാശാല അറിയിച്ചു.
പരീക്ഷ ഹാളിൽ വിദ്യാർഥികൾ എത്തി ചോദ്യപേപ്പറിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് ചോദ്യപേപ്പർ എത്തിയില്ലെന്ന വിവരം അറിയുന്നത്. പരീക്ഷയുടെ ഏഴ് വിഷയങ്ങളുടെ ചോദ്യപേപ്പർ ഇ-മെയിൽ വഴി ലഭിക്കാത്തതാണ് പരീക്ഷ മുടങ്ങാൻ കാരണം. തുടർന്ന് പരീക്ഷ മാറ്റിവച്ചതായി വിദ്യാർഥികളെ അറിയിക്കുകയായിരുന്നു.
ഇ-മെയിൽ വഴി ചോദ്യപേപ്പർ കോളേജുകളിലേത്തയക്കുന്ന കണ്ണൂർ സർവകലാശാലയുടെ പരീക്ഷ നടത്തിപ്പിനെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ മാസം 18ന് സർവകലാശാലയുടെ ചോദ്യപേപ്പർ ചോർന്നതും വലിയ വിവാദമായിരുന്നു. ആറാം സെമസ്റ്റര്‍ ബിസിഎ പരീക്ഷയുടെ ചോദ്യപേപ്പറാണ് പാലക്കുന്ന് ഗ്രീന്‍ വുഡ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്നും ചോർന്നത്. സര്‍വകലാശാലയുടെ എക്‌സാം സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിയുടെ പക്കല്‍ ചോദ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതിയ പേപ്പര്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് അധ്യാപിക ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ വിവരം വെളിപ്പെടുത്തിയത്. മെയില്‍ വഴി അയച്ച് നല്‍കിയ ചോദ്യപേപ്പര്‍ അധ്യാപിക ചോര്‍ത്തുകയും, പരീക്ഷക്ക് രണ്ടര മണിക്കൂര്‍ മുന്‍പ് വിദ്യാര്‍ഥികള്‍ക്ക് അയച്ചു നല്‍കുകയും ചെയ്തതായാണ് കണ്ടെത്തല്‍.