കണ്ണൂരിൽ കുട്ടിയാന ചരിഞ്ഞ സംഭവം: കൊട്ടിയൂർ റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു, പ്രത്യേക സംഘം അന്വേഷിക്കും

കണ്ണൂർ ഡിഎഫ്ഒ തലവനായ അന്വേഷണ സംഘത്തിൽ 11 പേരാണ് ഉള്ളത്
കണ്ണൂരിൽ കുട്ടിയാന ചരിഞ്ഞ സംഭവം: കൊട്ടിയൂർ റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു, പ്രത്യേക സംഘം അന്വേഷിക്കും
Published on
Updated on

കണ്ണൂർ കരിക്കോട്ടക്കരിയിൽ കുട്ടിയാന ചരിഞ്ഞ കേസ് പ്രത്യേക സംഘം അന്വേഷിക്കും. കൊട്ടിയൂർ റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. പന്നിപ്പടക്കം കടിച്ചാണ് ആനക്കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതെന്നും തുടർന്നാണ് ചരിഞ്ഞെന്നും കണ്ടെത്തിയിരുന്നു. സംഭവത്തിൽ സിസിഎഫ് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ ഡിഎഫ്ഒ തലവനായ അന്വേഷണ സംഘത്തിൽ 11 പേരാണ് ഉള്ളത്.

കരിക്കോട്ടക്കരി ടൗണിന് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ പരിക്കേറ്റ കുട്ടിയാന രാത്രി ഒൻപത് മണിയോടെയാണ് ചരിഞ്ഞത്. മയക്കുവെടി വെച്ച് പിടികൂടി ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. മയക്കുവെടിയേറ്റ കുട്ടിയാന അവശനിലയിലായിരുന്നു. ആർആർടി വെറ്റിനറി സർജൻ അജീഷ് മോഹൻദാസാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. തുമ്പിക്കൈക്കും വായയ്ക്കും ഇടയിൽ ഗുരുതരമായ പരിക്ക് പറ്റിയ നിലയിലായിരുന്ന കാട്ടാനയെ ചികിത്സിക്കാനായാണ് മയക്കുവെടി വെച്ചത്.

ദൗത്യത്തിനായി വയനാട്ടിൽ നിന്നുള്ള പ്രത്യേക ആർആർടി സംഘം സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ ആന അക്രമവാസന കാണിച്ചതോടെയാണ് മയക്കുവെടി വെക്കാൻ തീരുമാനമായത്. ആനയുടെ ജീവൻ രക്ഷിക്കുകയെന്നത് ശ്രമകരമാണെന്നാണ് എസിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആനയുടെ താടിയെല്ല് പൊട്ടിയ നിലയിലായിരുന്നു.

News Malayalam 24x7
newsmalayalam.com