
ശിവഭക്തരുടെ വാർഷിക തീർത്ഥാടനമായ കൻവാർ യാത്രയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിന് പിന്നാലെ, ഉത്തരാഖണ്ഡിലെ കടകൾക്ക് മുന്നിലും ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ്. യാത്രക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനാണ് നടപടിയെന്ന് ഹരിദ്വാർ പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് പൊലീസ് അവതരിപ്പിച്ച നടപടിയെ ചൊല്ലി വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
കൻവാർ യാത്രക്കിടെ കടയുടമയുടെ പേര് വെളിപ്പെടുത്താതിനെ തുടർന്ന് തീർഥാടകരും കടയിലുള്ളവരും തമ്മിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്തെ കടകൾ, ഭക്ഷണശാലകൾ, ഹോട്ടലുകൾ, ധാബകൾ എന്നിവയ്ക്ക് മുൻപിൽ ഉടമയുടെ പേര് നിർബന്ധമായും പ്രദർശിപ്പിക്കണം. ഇവ കൃത്യമാണെന്ന് പൊലീസ് ഉദ്യോഗസ്ഥരെത്തി സ്ഥിരീകരിക്കുമെന്നും ഹരിദ്വാർ സീനിയർ പൊലീസ് മേധാവി വ്യക്തമാക്കി.
ജില്ലയിലെ വ്യാപാരികളുമായി നിരവധി ചർച്ചകൾ നടത്തിയതിന് ശേഷമാണ് ഈ തീരുമാനം. ഹോട്ടൽ, ധാബ ഉടമകൾ ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കുമെന്ന് ഉറപ്പ് നൽകിയതായാണ് പൊലീസ് പ്രസ്താവന. ഇതിനോടൊപ്പം പാർക്കിംഗ്, ഇലക്ട്രിസിറ്റി സൗകര്യങ്ങളും ലഭ്യമാണെന്ന് പൊലീസ് ഉറപ്പ് വരുത്തും.
അതേസമയം, ഉടമകളുടെ പേര് വെളിപ്പെടുത്തണമെന്ന നടപടി വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ഹിന്ദു പേരുകൾ പ്രദർശിപ്പിച്ച് മുസ്‌ലിം വ്യാപാരികൾ കൻവാർ യാത്രയിലെ വിശ്വാസികൾക്ക് മാംസം വിൽക്കുകയാണെന്ന ഉത്തർപ്രദേശ് മന്ത്രി കപിൽ ദേവ് അഗർവാളിൻ്റെ പ്രസ്താവന കൂടിയായപ്പോൾ വിവാദം മുറുകി. വൈഷ്ണോ ധാബ ഭണ്ഡാർ, ശകുംബരി ദേവി ഭോജനാലയ, ശുദ്ധ് ഭോജനാലയ തുടങ്ങിയ പേരുകളുള്ള കട ഉടമകൾ മുസ്‌ലീങ്ങളാണെന്നും കപിൽ ദേവ് പറഞ്ഞു.
ഇതിന് പിന്നാലെ രാജ്യത്ത് 'തൊട്ടുകൂടായ്മയെന്ന രോഗം' പടർന്നേക്കുമെന്നാണ് മുൻ കേന്ദ്രമന്ത്രി മുക്തർ അബ്ബാസ് നഖ്‌വി പറഞ്ഞത്. ഒപ്പം ബിജെപി സഖ്യകക്ഷികളായ ജെഡിയു, രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) തുടങ്ങിയ പാർട്ടികളും തീരുമാനത്തിനെതിരെ രംഗത്തെത്തി. യുപി പൊലീസ് നീക്കം ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനും ഹിറ്റ്‌ലറുടെ നാസി ജർമനിയിലെ നയങ്ങൾക്കും സമാനമാണെന്നായിരുന്നു രാഷ്ട്രീയ നേതാക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും വിമർശനം.