
കന്‍വാര്‍ യാത്ര കടന്നു പോകുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ മുസ്ലീം പള്ളികൾ കാണുന്ന ഭാഗം വലിയ വെള്ള ഷീറ്റുകള്‍ ഉപയോഗിച്ച് മറച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. എന്നാല്‍ വൈകുന്നേരത്തോടെ ജില്ലാ ഭരണകൂടം ഷീറ്റുകള്‍ നീക്കി. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും അത്തരത്തില്‍ തുണി കെട്ടി മറയ്ക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉത്തരവുകളൊന്നും തന്നെ വന്നിട്ടില്ലെന്നുമാണ് പൊലീസ് വാദം.
വഴിയരികിൽ പള്ളി കാണുന്ന ഭാഗം മറയുന്ന രീതിയിലാണ് തുണികൊണ്ട് റോഡില്‍ കെട്ടിമറച്ചു വെച്ചിരുന്നത്. ഇതിനെതിരെ പ്രദേശവാസികളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടവരും കന്‍വാര്‍ യാത്രയില്‍ പങ്കാളികളായ ചിലരും രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെയാണ് തുണി അഴിച്ചുമാറ്റാന്‍ ജില്ലാ ഭരണകൂടം തന്നെ രംഗത്തെത്തിയത്.
സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. അതേസമയം കന്‍വാര്‍ യാത്ര കടന്നു പോകുന്ന പ്രദേശത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി സത്പാല്‍ മഹാരാജ് പറഞ്ഞു.
നേരത്തെ കന്‍വാര്‍ യാത്ര കടന്നു പോകുന്ന കടകളിലെ മുമ്പില്‍ പേരെഴുതി വെക്കണമെന്ന നിര്‍ദേശം വിവാദത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഈ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.
യാത്രാമധ്യേ ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ച് തീര്‍ഥാടകര്‍ ആശങ്ക ഉന്നയിച്ചിരുന്നു. ഇത് പൂര്‍ണമായും വെജിറ്റേറിയനും സാത്വികവുമായിരിക്കണെമെന്നും തീര്‍ത്ഥാടകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള നടപടി സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവ് തുല്യാവകാശത്തിന് വിരുദ്ധമാണെന്നും അമിതാധികാര പ്രയോഗമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി പരാമര്‍ശം.