

കാപ്പാ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചതിൽ വിചിത്ര വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. ശരൺ ചന്ദ്രൻ നിലവിൽ കാപ്പാ പ്രതിയല്ലെന്നും, കാലാവധി കഴിഞ്ഞെന്നുമാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. കൂടാതെ രാഷ്ട്രീയ സംഘർഷത്തിൽ പെടുന്നവർക്കെതിരെ കാപ്പാ ചുമത്തരുതെന്നും സാമൂഹ്യവിരുദ്ധർക്ക് എതിരെയാണ് കാപ്പാ ചുമത്തേണ്ടതെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. ആർഎസ്എസിൽ പ്രവർത്തിക്കുമ്പോഴാണ് ഇയാൾ കേസുകളിൽ പ്രതിയാകുന്നത്. ശരണിനെ നാടുകടത്തിയിട്ടില്ല, താക്കീത് മാത്രമേ നൽകിയിട്ടുള്ളൂവെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.
കാപ്പാ വകുപ്പ് പ്രകാരം താക്കീത് ലഭിച്ച വ്യക്തിയെ കഴിഞ്ഞ ദിവസം സിപിഎം പാർട്ടി പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചിരുന്നു. ആരോഗ്യമന്ത്രി വീണ ജോർജായിരുന്നു പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പരിപാടിയിൽ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവായിരുന്നു മാലയിട്ട് സ്വീകരിച്ചത്. പത്തനംതിട്ടയിൽ മലയാലപ്പുഴ മേഖലയിൽ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. പലരും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഈ സ്വീകരണ നടപടിയെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു.
മന്ത്രി പങ്കെടുത്ത പരിപാടിയിൽ കാപ്പാ കേസ് പ്രതിക്ക് സ്വീകരണം നൽകുന്ന കാര്യം പൊലീസിൻ്റെ ഇൻ്റലിജൻസ് സംവിധാനം മനസിലാക്കാതിരുന്നതും മുന്നറിയിപ്പ് നൽകാതിരുന്നതും എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്. ശരണിനെ മാലയിട്ട് സ്വീകരിച്ചത്.